Site iconSite icon Janayugom Online

ജോധ്പുര്‍ വര്‍ഗീയ സംഘര്‍ഷം; കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജസ്ഥാനിലെ ജോധ്പുരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈദ് നമസ്‌കാരത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കല്ലേറില്‍ നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

സംഭവത്തെതുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രദേശത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചു. സംഘര്‍ഷത്തിലേക്ക് പോകരുതെന്നും സമാധാനം പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി.

ജലോരി ഘട്ട് ഗേറ്റില്‍ പതാക കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമങ്ങളില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരശുറാം ജയന്തിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ ആഘോഷപരിപാടികള്‍ ഹിന്ദു സംഘടനകളും സംഘടിപ്പിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്.

രാമനവമി, ഹനുമാൻ ജയന്തി, ആഘോഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയമായ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. വർധിച്ചുവരുന്ന മത-വര്‍ഗീയ സംഘർഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികളും സിവിൽ സമൂഹവും ആക്ടിവിസ്റ്റുകളും നേരത്തെ വന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Eng­lish summary;Jodhpur com­mu­nal clash­es; Cur­few announced

You may also like this video;

Exit mobile version