ഞെട്ടിക്കുന്ന കണക്കുകളും ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളും വന്നുനിറയുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരെ സംസ്ഥാനത്ത് ബൃഹത്തായൊരു ക്യാമ്പയിന്‍ ആരംഭിക്കുന്നത്. മുഖ്യധാരാ- സമൂഹമാധ്യമങ്ങളിലെല്ലാം ലഹരി ഉപയോഗം — പ്രത്യേകിച്ച് പുതിയ തലമുറയില്‍ — വര്‍ധിക്കുന്നതിന്റെയും ലഹരിക്കടത്ത് ശക്തമാകുന്നതിന്റെയും വാര്‍ത്തകള്‍ ഓരോ ദിവസവുമെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് ഒരു കോടിയോളം വില വരുന്ന മാരക ലഹരി വസ്തുക്കളാണ് പിടികൂടിയത്. രണ്ടുപേരില്‍ നിന്നായി 310 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇത്തരം ചെറുതും വലുതുമായ ലഹരി മരുന്ന് വേട്ടയുടെ വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം പുറത്തുവരുന്നുണ്ട്. മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്നും ഇത് മന്ദത ബാധിച്ച ഒരു തലമുറയുടെ സൃഷ്ടിക്കു കാരണമാകുമെന്നുമുള്ള ആശങ്ക ആരോഗ്യ വിദഗ്ധരും പങ്കുവയ്ക്കുന്നുണ്ട്. മയക്കുമരുന്ന് പിടികൂടുന്നതിന്റെയും ഉപയോഗത്തിന്റെ ഫലമായി ശാരീരിക — മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെയും വര്‍ധനയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 21 വയസിൽ താഴെ പ്രായമുള്ള നാലായിരത്തോളം പേരാണ് ലഹരി ചികിത്സ തേടിയത്. ഇവരില്‍ മഹാഭൂരിപക്ഷവും വിദ്യാര്‍ത്ഥികളും 1600 ഓളം പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമായിരുന്നു. ലഹരിയില്‍ നിന്ന് വിമുക്തി നേടുന്നതിനുള്ള ചികിത്സ തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ധനവാണ് സൂചിപ്പിക്കുന്നത്. എക്സൈസ് വകുപ്പിന് കീഴില്‍ മാത്രം ഒന്നര വര്‍ഷത്തിനിടെ മൂവായിരത്തിലധികം പേര്‍ വിമുക്തി ചികിത്സയ്ക്കെത്തി. ലഹരി കടത്തില്‍ പങ്കാളികളാകുന്ന വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും എണ്ണത്തിലും ആശങ്കാകുലമായ വര്‍ധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 850ലധികം വിദ്യാര്‍ത്ഥികളാണ് മയക്കുമരുന്ന് കടത്തിനിടെ പിടിയിലായത്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റയില്‍വേസ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാത്രമല്ല സ്കൂള്‍, കോളജ് പരിസരങ്ങളില്‍ നിന്നും വ്യാപകമായി മയക്കുമരുന്ന് ശേഖരം പിടികൂടുന്നുവെന്നതും വലിയ വിപത്തിന്റെ സൂചനയാണ്. മയക്കുമരുന്ന് ഉല്പാദനത്തിനും വിപണനത്തിനുമായി വന്‍ മാഫിയ തന്നെയാണ് അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും രൂപപ്പെടുകയും വല വിപുലപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. മനുഷ്യരുടെ ആരോഗ്യമോ ജീവിതമോ പരിഗണനാ വിഷയമാക്കാതെ ലാഭം മാത്രം ലക്ഷ്യംവച്ചാണ് ഈ മാഫിയ ശക്തിപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മയക്കുമരുന്ന് വ്യാപനം ഇത്രയും രൂക്ഷമായിരിക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ കീഴടക്കുന്ന മയക്കുമരുന്ന് കേരളത്തിന്റെ വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍.
ഇതുകൂടി വായിക്കൂ: ലഹരിമരുന്നിന് അന്താരാഷ്ട്ര ബന്ധം
ഈ സാഹചര്യത്തിലാണ് അതിനെതിരെ വിപുലമായ പ്രചരണവും വ്യാപകമായ ബോധവല്ക്കരണവും ലക്ഷ്യം വച്ചുള്ള ക്യാമ്പയിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയിരിക്കുന്നത്. ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ നീണ്ടുനില്ക്കുന്ന വിപുലമായ പ്രചരണ പരിപാടികളാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന, ജില്ലാ, പ്രാദേശിക സ്വയംഭരണ സ്ഥാപന തലങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ലഹരി വിരുദ്ധ സമിതികള്‍ക്ക് രൂപം നല്കും. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും കൈകോര്‍ക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബര്‍ ഒന്നിനു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൂര്‍വ വിദ്യാര്‍ത്ഥികളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചുള്ള ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. പൊതു ഇടങ്ങളില്‍ ജനജാഗ്രതാ സദസുകളും സംഘടിപ്പിക്കും.
ഇതുകൂടി വായിക്കൂ: ലഹരിക്കടിമപ്പെടുന്ന പുതുതലമുറ
കലാ — സാഹിത്യ- സാംസ്കാരിക‑കായിക മാധ്യമങ്ങളെയും ബോധവല്ക്കരണ ഉപാധികളായി ഉപയോഗിക്കും.
ഇതിനൊപ്പംതന്നെ പൊലീസ്, എക്സൈസ് വകുപ്പുകളുടെ പരിശോധനകളും കണ്‍ട്രോള്‍ റൂമുകളും കൂടുതല്‍ ശക്തിപ്പെടുത്തും. ഇപ്പോള്‍തന്നെ കുറച്ചധികം പേര്‍ പിടിയിലാകുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടലുകളെ തുടര്‍ന്നാണ്. പക്ഷേ വന്‍ മാഫിയയാണ് ഇതിന് പിറകിലെന്നതുകൊണ്ട് അനധികൃത മാര്‍ഗങ്ങളിലൂടെ വ്യാപാരം നടക്കുന്നു. ഒരു തലമുറയെ നിര്‍ജീവവും പ്രതികരണ ശേഷി ഇല്ലാത്തവരുമായി മാറ്റപ്പെടുന്നുവെന്ന അപകടകരമായ ഭാവികൂടി ഈ സാഹചര്യം തുറന്നുവയ്ക്കുന്നുണ്ട്. നമ്മുടെ വിദ്യാലയങ്ങളെയും കലാലയങ്ങളെയും അരാഷ്ട്രീയവല്ക്കരിക്കുന്നതിന് നടന്ന ശ്രമങ്ങളും അതിന്റെ ഫലമായി പുരോഗമന പ്രസ്ഥാനങ്ങള്‍ ഒറ്റപ്പെട്ടുപോയതും ഈ സാമൂഹ്യ ദുരന്തത്തിന് ആക്കം കൂട്ടുന്നതിന് ഇടയാക്കിയെന്ന വസ്തുതയും കാണാതിരുന്നുകൂടാ. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വകുപ്പുകളുടെ ഉത്തരവാദിത്തമെന്നതിനപ്പുറം ഇത് ജനമൊന്നാകെ ഏറ്റെടുക്കേണ്ട സാമൂഹ്യ പ്രശ്നമായി പരിണമിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കയ്യില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന ക്യാമ്പയിന്‍ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്. സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങി കൈകള്‍ കോര്‍ത്ത് കേരളം നേടിയതുപോലെ ലഹരിക്കെതിരായ ഈ പോരാട്ടത്തെയും നമുക്ക് വിജയിപ്പിക്കുവാന്‍ സാധിക്കണം.
You may also like this video;