ജീവനക്കാരുടെ വിഷയങ്ങളോടൊപ്പം തന്നെ പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലും ഇടപെടൽ നടത്തുന്ന സംഘടനയാണ് ജോയിന്റ് കൗൺസിൽ എന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം ലഭ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ഭക്ഷ്യ മന്ത്രി അഡ്വ:ജി ആർ അനിൽ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ഉണർവ്വ വനിതാ മുന്നേറ്റ ജാഥയുടെ ഭാഗമായി സമാഹരിച്ച പഠനോപകരണങ്ങളുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ യോഗങ്ങളിൽ മാലകളും ബൊക്കെകളും ഒഴിവാക്കി പഠനോപകരണങ്ങൾ ഉപഹാരമായി സ്വീകരിച്ച മാതൃകാപരമായ നടപടി അനുകരണീയമാണെന്ന് മന്ത്രി പറഞ്ഞു. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇടനില ഗവൺമെന്റ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ആർ എസ് രമാദേവി പഠനോപകരണങ്ങൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, വൈസ് പ്രസിഡന്റ് ഗിരീശന്‍ പിള്ള, ജില്ലാ വനിതാ കമ്മറ്റി സെക്രട്ടറി ജി എസ് സരിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു പുത്തൻകുന്ന്, വി ഗോപകുമാർ, അനുമോദ് കൃഷ്ണ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സുരകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. എസ് സജീവ് നന്ദിയും പറഞ്ഞു.
English Summary:Joint Council model exemplary: Minister GR Anil
You may also like this video