Site iconSite icon Janayugom Online

ദുരന്ത നിവാരണ സന്നദ്ധസേനയുമായി ജോയിന്റ് കൗണ്‍സില്‍

ജാതിഭ്രാന്തിനെ വെല്ലുവിളിച്ച വൈക്കത്തിന്റെ ചരിത്രഭൂമിയില്‍ നിന്നുതന്നെ ജോയിന്റ് കൗണ്‍സിലിന്റെ ദുരന്തനിവരാണ വോളണ്ടിയര്‍ സേനയായ ‘റെഡി’ ന് തുടക്കം കുറിക്കുന്നതിന് ഏറെ സവിശേഷതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വൈക്കം സത്യഗ്രഹ സമരത്തിലേക്ക് ഗാന്ധിജി വന്നിറങ്ങിയ ബോട്ട്‌ജെട്ടി മൈതാനിയില്‍ നിന്നാണ്‌ റെഡിന് (റെസ്‌ക്യൂ ആൻ്റ്‌ എമർജൻസി ഡിവിഷൻ) തുടക്കം കുറിക്കുന്നത്. ദുരന്ത മുഖങ്ങളില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ പരിശീലനം സിദ്ധിച്ച സര്‍ക്കാര്‍ ജീവനക്കാരെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള ജോയിന്റ് കൗണ്‍സിലിന്റെ വോളണ്ടിയർ സേനയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപരനോടുള്ള വിദ്വേഷം ആയുധമേന്തിയുള്ള പരേഡ് നടത്തുമ്പോഴാണ് മനുഷ്യരെയും പ്രകൃതിയെയും ചേര്‍ത്തുനിര്‍ത്താന്‍ ജോയിന്റ് കൗണ്‍സില്‍ സന്നദ്ധ സേനക്ക് തുടക്കമിടുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി ഒരു സര്‍വീസ് സംഘടന മുന്നോട്ടുവെക്കുന്ന ദുരന്ത നിവാരണ പരിസ്ഥിതി സംരക്ഷണ സേനയ്ക്കാണ് ജോയിന്റ് കൗണ്‍സില്‍ ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കമിട്ടത്. 14 ജില്ലകളില്‍ നിന്നുള്ള 1148 വോളണ്ടിയര്‍മാരുടെ മാര്‍ച്ച് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈക്കം വലിയകവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരംചുറ്റി വൈക്കം ബീച്ച് മൈതാനിയില്‍ സമാപിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സല്യൂട്ട് സ്വീകരിച്ചു. വൈക്കം ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ് സജീവ് അധ്യക്ഷത വഹിച്ചു. ബസ് യാത്രയ്ക്കിടെ സഹയാത്രികയ്ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധുവിനെ ബിനോയ് വിശ്വം ആദരിച്ചു.
വോളണ്ടിയര്‍ സേനയ്ക്കുള്ള ബാഡ്ജ് വിതരണം സി കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പരിസ്ഥിതി സംരക്ഷണ ദുരന്ത നിവാരണ സന്ദേശം നല്‍കി. സിപിഐ സംസ്ഥാന എക്‌സി. അംഗം സി കെ ശശിധരന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം ഡി ബാബുരാജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹരിദാസ് ഇറവങ്കര, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്പി സുമോദ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ഡി അജീഷ്, സെക്രട്ടറി പി എന്‍ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

ചിത്രവിവരണംഃ ജോയിന്റ് കൗണ്‍സിലിന്റെ ദുരന്തനിവാരണ വോളണ്ടിയർ സേന പ്രഖ്യാപന സമ്മേളനം വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

Exit mobile version