Site iconSite icon Janayugom Online

വനസംരക്ഷണ ഭേദഗതി നിയമം പാര്‍ലമെന്ററി സമിതി അംഗീകരിച്ചു

വിവാദമായ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. സമിതിയിലെ നാല് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഒരു മാറ്റവും വരുത്താതെയാണ് ബില്‍ സമിതി അംഗീകരിച്ചത്. സംരക്ഷിത വനം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വിവാദ വ്യവസ്ഥ മാറ്റണമെന്ന് രാജ്യത്തെ പ്രകൃതിസ്നേഹികളും പരിസ്ഥിതി ശാസ്ത്രജ്ഞരും നിരന്തരം ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാന്‍ ബിജെപി ഭൂരിപക്ഷ സമിതി തയാറായില്ല. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ യാതൊരു മാറ്റവും വരുത്താത്ത ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചു. 31 അംഗം പാര്‍ലമെന്ററി സമിതിയിലെ 18 ബിജെപി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.

നാല് കോണ്‍ഗ്രസ് അംഗങ്ങളില്‍ പ്രദ്യുത് ബര്‍ദലേയി, ഭുല്‍ദേവി നേതം എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ജവഹര്‍ സിര്‍കര്‍, ഡിഎംകെ അംഗം ആര്‍ ഗിരിരാജന്‍ എന്നിവരും ബില്ലിലെ വ്യവസ്ഥകളില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഭേദഗതി നിയമം വഴി ദേശസുരക്ഷ സംബന്ധിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും, കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യാന്തര അതിര്‍ത്തിക്ക് 100 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സുരക്ഷാ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ പുതിയ ഭേഗദതി വഴി സര്‍ക്കാരിന് സാധിക്കും.

Eng­lish Sum­ma­ry: Joint Pan­el report okays all on For­est amend­ment Bill; 4 MPs dissent
You may also like this video

Exit mobile version