Site iconSite icon Janayugom Online

തൊഴിലാളി-കര്‍ഷക സംയുക്ത പ്രക്ഷോഭം ഇന്ന്

രാജ്യത്തെ ഭൂരിപക്ഷം കര്‍ഷകരും തൊഴിലാളികളും നേരിടുന്ന ദുരിതം പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ഷക‑തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭം ഇന്ന്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, എല്ലാ കാര്‍ഷിക വിളകള്‍ക്കും കുറഞ്ഞ വിലയ്ക്ക് നിയമപരമായി ഉറപ്പുനല്‍കുന്ന സംഭരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എല്ലാവര്‍ക്കും കുറഞ്ഞത് 200 ദിവസത്തെ ജോലി, 26,000 രൂപ കുറഞ്ഞ വേതനം, കര്‍ഷകരുടെയും മറ്റ് തൊഴിലാളികളുടെയും വാ‍യ‍്പ എഴുതിത്തള്ളല്‍ എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. 

സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംയുക്തവേദിയും ഈ മാസം ആദ്യം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരുന്നു. തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷ സര്‍ക്കാര്‍ വെട്ടിക്കുറയ‍്ക്കുകയും ഭക്ഷ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയ‍്ക്കുള്ള സബ്സിഡികള്‍ കുറച്ചെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കുറ്റപ്പെടുത്തുന്നു. മാര്‍ക്കറ്റ് വിലയ‍്ക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും കഴിയുന്നില്ല. ഇത് കൂടുതല്‍ ആളുകളെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. 

കുറഞ്ഞ വരുമാനമുള്ളവരില്‍ നിന്ന് ഉയര്‍ന്ന നികുതി പിരിച്ചെടുത്ത് ഉണ്ടാക്കുന്ന പൊതുപണം വിവിധ പ്രോത്സാഹനങ്ങളുടെ രൂപത്തില്‍ കുത്തകകള്‍ക്ക് നല്‍കുന്നു. കാവിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും തൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ വെര്‍ച്വല്‍ അടിമത്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു എന്നും സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര തൊഴിലാളി സംഘടനകളും പറഞ്ഞു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ കടം മോഡി സര്‍ക്കാര്‍ എഴുതിത്തള്ളി. എന്നാല്‍ സമഗ്ര വായ‍്പാ എഴുതിത്തള്ളല്‍ അംഗീകരിക്കാതെയും കാര്‍ഷിക മേഖലയ‍്ക്ക് അനുകൂലമായ വായ‍്പാ നയം നടപ്പാക്കാതെയും കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും കടക്കെണിയില്‍ നിന്ന് മോചിപ്പിക്കാന്‍ തയ്യാറായില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാണിച്ചു. 

Exit mobile version