Site iconSite icon Janayugom Online

ജോജുവിന്റെ കാർ തകർത്ത സംഭവം: മുൻ മേയർ അടക്കം അറസ്റ്റിൽ

ദേശീയപാത ഉപരോധത്തെ എതിർത്ത നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആറ് കോൺഗ്രസ് നേതാക്കൾ കൂടി പൊലീസിന് മുമ്പാകെ കീഴടങ്ങി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് കേസിൽ പ്രതികളായ എല്ലാവരും അറസ്റ്റിലായി. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന വിവരത്തെ തുടർന്നാണ് പ്രതികൾ മരട് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയത്.

മുൻ കൊച്ചി മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജെർജസ്, അരുൺ വർഗീസ്, ജോസഫ് മാളിയേക്കൽ എന്നിവരാണ് ആദ്യം കീഴടങ്ങാനെത്തിയത്. പിന്നീട് രാത്രിയോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ മനു ജേക്കബ്, പി വൈ ഷാജഹാൻ എന്നിവരും കീഴടങ്ങിയത്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആകെ എട്ട് പ്രതികളുള്ള കേസിൽ രണ്ട് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ അകമ്പടിയോടെ പ്രകടനമായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. കേസിൽ മനപൂർവം കുടുക്കുകയാണെന്നും കാർ തകർത്ത കേസിൽ ബന്ധമില്ലെന്നും നേതാക്കൾ ആവർത്തിച്ചു. എന്നാൽ വ്യക്തമായ തെളിവുകൾ നിരത്തിയാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ആദ്യം അറസ്റ്റിലായ ഐഎൻടിയുസി പ്രവർത്തകൻ പി ജി ജോസഫിനും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷെരീഫിനും കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരും റിമാൻഡിലാണ്. ജോജു ജോർജുമായി സംസാരിച്ച് കേസ് പിൻവലിക്കാനുളള ശ്രമങ്ങൾ നടന്നുവെങ്കിലും ഒത്ത് തീർപ്പുകൾക്കില്ലെന്ന നിലപാടാണ് നടൻ സ്വീകരിച്ചത്. 1.20 കോടി രൂപ വിലവരുന്ന വാഹനത്തിന്റെ പിന്നിലെ ഗ്ലാസാണ് അതിക്രമത്തിൽ തകർന്നത്. ആറ് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

eng­lish sum­ma­ry: Jojo’s car wrecked: For­mer may­or arrested

you may also like this video

Exit mobile version