Site iconSite icon Janayugom Online

ജോസ് അന്റോണിയോ കാസ്റ്റ് ചിലി പ്രസിഡന്റ്

തീവ്രവലതുപക്ഷ നേതാവ് ജോസ് അന്റോണിയോ കാസ്റ്റ് ചിലി പ്രസിഡന്റ്. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെനറ്റ് ജാരയെ അന്റോണിയോ കാസ്റ്റ് പരാജയപ്പെടുത്തിയത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ 26.86% വോട്ട് നേടി ജെനറ്റ് മുന്നിലായിരുന്നു. 23.96% വോട്ട് നേടിയ കാസ്റ്റ് രണ്ടാം ഘട്ടത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടിയെടുക്കുകയായിരുന്നു. 19.71,13.94,12.47 ശതമാനം വോട്ട് വീതം നേടി മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തിയതും വലത് പക്ഷ സ്ഥാനാര്‍ത്ഥികളായിരുന്നു. ഇവര്‍ മൂന്ന് പേരും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കാസ്റ്റിന് ഭൂരിപക്ഷം വര്‍ധിച്ചത്.

കാംപിയോ പോര്‍ ചിലി സഖ്യത്തില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥിയായി മൂന്നാമത്തെ തവണെയാണ് കാസ്റ്റ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 58.2% വോട്ട് ആണ് കാസ്റ്റ് സ്വന്തമാക്കിയത്. ജെനറ്റ് ജാരെ 41.8% വോട്ടുമാണ് സ്വന്തമാക്കിയത്. ജനാധിപത്യത്തിന്റെ ശബ്ദം ഉറച്ചതും വ്യക്തവുമാണെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം ജെനറ്റ് ജാരെ എക്സില്‍ കുറിച്ചത്. കാസ്റ്റിനെ അഭിനന്ദിക്കുന്നു, ചിലിയുടെ നന്മയ്ക്കായി അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും അവര്‍ കുറിച്ചു. സ്വന്തം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു. 

ഇത് ആഘോഷത്തിന്റെ ദിവസമാണെന്നും ദശലക്ഷക്കണക്കിന് ചിലിയന്‍സ് ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. ഇത് തന്റെയോ പാര്‍ട്ടിയുടേയോ വ്യക്തിപരമായ വിജയമല്ല, ഇത് ചിലിയുടെ വിജയമാണ്. ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം, യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവര്‍ക്കും തുല്യത ലഭിക്കുന്നരീതിയില്‍ നിയമ സംവിധാനങ്ങള്‍ പുതുക്കുമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം കാസ്റ്റ് പ്രതികരിച്ചു. 

Exit mobile version