Site icon Janayugom Online

കെയും ജോസഫ് കെയും പിന്നെ കാഫ്കെയും

kafka

കെയും പിന്നെ ഒരു ജോസഫ് കെയും വിശ്വപ്രസിദ്ധമായ രണ്ട് കഥാപാത്രങ്ങളാണ്. ആദ്യത്തെ ആൾ ‘ദ കാസിൽ’ (ദുർഗഹർമ്മ്യം) എന്ന നോവലിലെയും രണ്ടാമത്തെ ആൾ ‘ദ ട്രയൽ’ (വിചാരണ) എന്ന നോവലിലെയും. ഈ രണ്ടു നോവലുകളും ഫ്രാൻസ് കാഫ്ക എന്ന മഹാസാഹിത്യകാരന്റേതും. മനുഷ്യമനസുകളെ മരവിപ്പിക്കുന്ന നിരാശതയുടെയും ഭഗ്നമോഹങ്ങളുടെയും പ്രവാചകനാകുമ്പോൾ പോലും താൻ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സമസ്തഭാവങ്ങളെയും അതിന്റെ വൈകാരികഭാവത്തോടെയും സംവേദന ക്ഷമതയോടെയും തന്റെ കൃതികളിൽ സന്നിവേശിപ്പിച്ച പ്രതിഭാധനൻ.
വിജനത വിരിച്ച ഒരു ഗ്രാമത്തിലെ കുന്നിൻനെറുകയിൽ ഉടക്കിക്കിടക്കുന്ന ഭീമാകാരമായ ആ ഹർമ്മ്യം എന്തൊക്കെയോ നിഗൂഢതകളുടെ ഇരുളിമയാണ്. ഗ്രാമത്തിലെ അധികാരികൾ കെ എന്ന വ്യക്തിക്ക് ഒരു ജോലി നല്കാമെന്ന് പറഞ്ഞ് ആ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയാണ്, ലാൻഡ് സർവേയുടെ ജോലി.
ഏറെ അന്വേഷിച്ചും വഴിതെറ്റിയും വഴി നടന്നും തളർന്നും ഒരു രാത്രിയുടെ തുടക്കത്തിൽ കെ ആ ഗ്രാമ്യതയിൽ എത്തുന്നു. ജോലി കിട്ടണമെങ്കിൽ അയാൾ ഒരു ഇന്റർവ്യൂവിന് വിധേയമാകേണ്ടിയിരിക്കുന്നു. കൊട്ടാരത്തിനു വെളിയിൽ നിശ്ചലനായി അയാൾ അങ്ങനെ നിൽക്കുകയാണ്. മഞ്ഞും ഇരുളും വിഴുങ്ങിയ ആ ഹർമ്മ്യം അവിടെയുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഒരു മങ്ങിയ പ്രകാശംപോലും ആ കൊട്ടാരത്തിൽ എങ്ങുമില്ല. ഭയന്നും ആശങ്കപ്പെട്ടും വല്ലാത്ത ആ ശൂന്യതയിൽ പകച്ചുനിന്നുപോയ കെ യ്ക്ക് തൽക്കാലം ഒരാൾ വഴി ആ രാത്രി ചെലവഴിക്കാൻ ഒരു മുറികിട്ടി. ഒരു വൈക്കോൽ സഞ്ചിയിൽ കിടന്നുറങ്ങുകുയും ചെയ്യാം.
അർധരാത്രി കഴിഞ്ഞപ്പോൾ ഒരു യുവാവ് അവിടത്തെ അധികാരിയോടൊപ്പം വന്നു കെ യെ വിളിച്ചുണർത്തി. ക്ഷമാപണത്തോടെ അവിടെ താമസിക്കണമെങ്കിൽ ഒരു പാസ് വേണമെന്നു നിർദ്ദേശിച്ചു. ആഗതരുടെ ഭാവഹാവാദികളിലും അസമയത്തെ വരവിലും കെ യ്ക്ക് തോന്നി ആ ഇന്റർവ്യൂ ഒരിക്കലും നടക്കാൻ‍ പോകുന്നില്ലെന്ന്. ഒരു ജോലിയും തനിക്ക് തരപ്പെടുകയുമില്ല. പൂർത്തീകരിക്കാൻ അസാധ്യമായ കാഫ്കയുടെ തന്നെ ജീവിതത്തിന്റെ പ്രതീകമായി കെ എന്ന മനുഷ്യൻ നിലക്കൊള്ളുന്നു.
ദൈവനീതിയും മനുഷ്യനിർമ്മിതിയും തമ്മിലുളള വ്യത്യാസമാണ് ആ ‘ദ കാസിൽ’ എടുത്തുകാണിക്കുന്നത്. ഒന്നിലും ഉറയ്ക്കാത്ത ഒരു മനസിനുടമയായിരുന്നല്ലോ ഫ്രാൻസ് കാഫ്ക എന്ന എഴുത്തുകാരനും. ജോസഫ് കെ എന്ന കഥാപാത്രം ഒരു ബാങ്ക് ജീവനക്കാരനാണ്. യാതൊരു തെറ്റുകുറ്റവും ചെയ്യാതെ അറസ്റ്റുവരിക്കേണ്ടിവന്ന ആ മനുഷ്യന്റെ സങ്കടസാഹചര്യത്തിന്റെ കഥയാണ് ‘ദ ട്രയൽ’. താൻ എന്തിനു ശിക്ഷിക്കപ്പെടുന്നു എന്നുപോലും അയാൾക്കറിയില്ല. എന്തൊരു ദുര്‍വിധിയാണ് തന്റേത്. താൽക്കാലിക രക്ഷയ്ക്കുവേണ്ടി അയാൾ ഒരു വക്കീലിനെ വയ്ക്കുന്നു. നിയമസഹായത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാം. അവിടെയും ജോസഫിനു നീതി കിട്ടുന്നില്ല. ഉൽക്കണ്ഠപ്പെട്ടും വിഷമിച്ചും ആ മനുഷ്യൻ ഒരു മതപുരോഹിതനെ സമീപിച്ചു. മതം തന്നെ രക്ഷപ്പെടുത്തിയാലോ? മതപുരോഹിതനും അയാൾക്ക് അനുകൂലമായിരുന്നില്ല. നീതിതേടിയുള്ള യാത്രയ്ക്കിടയിൽ ഏതോ നിഗൂഢ സംഘത്തിലെ രണ്ടുപേർ അയാളെ കുത്തിക്കൊല്ലുന്നു. പ്രതീകാത്മകത നിറഞ്ഞ ദ ട്രയൽ. കാഫ്കയുടെ ജീവിതത്തിലൂടെ കടന്നുപോയാൽ വായനക്കാരനു ബോധ്യപ്പെടുന്ന അശുഭകരമായ ആത്മഭാവങ്ങൾ തന്നെയാണ് കെ കളായ ഇരുവരിലും കാണുന്നത്. ആക്ഷേപഹാസ്യത്തിന്റെ ശക്തമായ നോവലാണ് ദ ട്രയൽ. മനുഷ്യ നിസഹായതയും അരക്ഷിതബോധവും കൊണ്ട് വിതുമ്പി നിൽക്കുകയാണ് ദ കാസിലും, ദ ട്രയലും. ഔദ്യോഗിക ഭരണത്തിന്റെ അമാന്യതയും മനുഷ്യഹീനതയും എടുത്തുകാണിക്കുന്ന അത്തരം കൃതികൾ കാഫ്ക എഴുതുമ്പോൾ അവ തന്റെ തന്നെ ആന്തരികാവിഷ്കാരമല്ലാതെ മറ്റെന്ത്? 

കാഫ്കയുടെ അന്ത്യനാളുകൾ ക്ഷയരോഗത്തിന്റേതായിരുന്നു. ആ അനിശ്ചിതത്വമാർന്ന നാളുകൾ തന്നെയാണ് അദ്ദേഹത്തിന്റെ രചനാസവിശേഷതയും.
വളരെ നിസാരമായ ഒരു തെറ്റിനുവേണ്ടി മാതാപിതാക്കൾ ദേഷ്യപ്പെട്ട് ഒരു കുട്ടിയെ അമേരിക്കയിലേക്ക് പറഞ്ഞുവിടുന്ന ഒരു കൊച്ചു നോവലാണ് ‘അമേരിക്ക.’ കാഫ്കയുടെ പൂർത്തിയാക്കാൻ പറ്റാത്ത കൃതിയായിരുന്നു അത്. ജീവിതകാലത്ത് ഏതാനും ചെറുകഥകളും ലേഖനങ്ങളും മാത്രമേ കാഫ്ക പ്രസിദ്ധീകരിച്ചിരുന്നുള്ളു. തന്റെ നിഗൂഢതപോലെ തന്നെ എഴുതിക്കൂട്ടിയ നിശ്ചിതമായ കൃതികളും നിഗൂഢതപ്പെടുത്താൻ തന്നെയാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാനോ സാമൂഹ്യ സമ്പർക്കങ്ങളിൽ തന്നെ വിട്ടുകൊടുക്കാനോ അദ്ദേഹത്തിനു താല്പര്യമേ ഉണ്ടായിരുന്നില്ല.
കാഫ്കെ മരിക്കുമ്പോൾ ആത്മസുഹൃത്തായ മാക്സ് ബ്രോഡിന്റെ കൈവശം കത്തിച്ചുകളയാനായി എഴുതിവച്ച കടലാസു കെട്ടുകൾ ഏല്പിച്ചു. ആ വിശ്വസ്തൻ അത് അതേപടി ചെയ്തില്ല. അതഴിച്ച് വായിച്ച് കുറേ പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുത്തു. മാക്സ് ബ്രോഡ് അത് ചെയ്തില്ലായിരുന്നെങ്കിൽ ദ ട്രയലും ദ കാസിലും അമേരിക്കയും ആരറിയാൻ?
പ്രാഗിലെ ഒരു ജൂതകുടുംബത്തിൽ ജനിച്ച കാഫ്കയ്ക്ക് സുഖകരവും ശാന്തവും എന്നു പറയാവുന്ന ഒരു സാഹചര്യവും വീണുകിട്ടിയിട്ടില്ല. അമ്മ മാനസികരോഗിയായതിനാലും അച്ഛൻ സ്നേഹശൂന്യനും കർക്കശക്കാരനായിരുന്നതിനാലും അവഗണിതാത്മാവായി ആ ചെറുക്കൻ വളർന്നുവരികയായിരുന്നു. പിതാവിനെ വെറുക്കാവുന്നതിലേറെ വെറുത്തു. ഇളയ സഹോദരികളിൽ നിന്നുപോലും ഒറ്റയ്ക്ക് അകന്നുനിൽക്കേണ്ടിവന്ന ജീവിതം. പിന്നെ എങ്ങനെ ജീവിതാവബോധം ഉണ്ടാവും? പിന്നെ എങ്ങനെ സാമൂഹ്യബോധം ഉണ്ടാവും?
ജൂത സമൂഹം തന്നെ ജർമ്മനിയിൽ നിരന്തര പീഡനത്തിനും അവഗണനയ്ക്കും വിധേയപ്പെടുന്ന വാർത്തകളല്ലേ ആ കുട്ടി കേട്ടുവളർന്നതും.
പഠനത്തിൽ മോശമല്ലാതിരുന്ന കാഫ്ക 23-ാം വയസിൽ നിയമപഠനം പൂർത്തിയാക്കി, ഡോക്ടറേറ്റ് എടുത്തിട്ടും കിട്ടിയ ജോലിയാകട്ടെ ഒരു ഇൻഷുറൻസ് കമ്പനിയിൽ വെറും ഒരു ക്ലാർക്ക്. ആ നിരാശതയ്ക്ക് അല്പം ആശ്വാസം കിട്ടിയത് ആസ്ട്രിയൻ ഗവൺമെന്റിന്റെ കീഴിൽ ഒരുദ്യോഗം തരപ്പെട്ടപ്പോഴാണ്. പക്ഷേ, ജീവതം മൊത്തമായും ചില്ലറയായും ശുഭകരമേ അല്ലായിരുന്നു.
പ്രതിപാദ്യത്തിന്റെ സവിശേഷതയും പ്രതിപാദനത്തിന്റെ പുതുമയും കൊണ്ട് ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ ‘രൂപാന്തരീകരണം’ (മെറ്റമോർഫോസിസ്) എന്ന കൃതി. സ്വന്തം ചുമതലാബോധങ്ങളിൽ നിന്നും മുക്തിനേടാനായി ഷഡ്പദമായി രൂപംവരിക്കുന്ന ഗ്രെഗർ സംസാ എന്ന കഥാപാത്രം കാഫ്കയുടെ തന്നെ പ്രതി രൂപമാണെന്ന് നിസംശയം പറയാം. ആ ഷഡ്പദം ഷഡ്പദമായിത്തന്നെ അന്ത്യപ്പെടുകയും ചെയ്യുന്നു. മനുഷ്യമനസിനെ മറ്റ് ജീവികളിൽ സന്നിവേശിപ്പിക്കുന്നതായി സങ്കല്പിച്ചുകൊണ്ടുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത് എഴുതാനും ആ എഴുത്തിന് പിരിമുറുക്കം ഉണ്ടാക്കാനും തികഞ്ഞ പ്രതിഭതന്നെ വേണ്ടിവരും. 

Exit mobile version