പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളില്‍ ജോഷിമഠില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത് പോലെ ഭൂമി ഇടിഞ്ഞ് താഴുമെന്ന് മുന്നറിയിപ്പ് നല്‍കി ഉത്തരാഖണ്ഡ് ഹൈക്കോടതി. പ്രദേശത്ത് വിനോദസഞ്ചാരികള്‍ എത്തുന്ന വാഹനങ്ങള്‍ കുറയ്ക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുമ്പോള്‍ മുതല്‍ തുടങ്ങുന്ന തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുതാല്പര്യഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വിപിന്‍ സങ്‌വിയും ജസ്റ്റിസ് രാകേഷ് തപ്ലിയാലും നിര്‍ദേശിച്ചു.
സൈക്കിള്‍ റിക്ഷകള്‍ക്ക് പകരം ഇ റിക്ഷകള്‍ കുടുതലായി ഉപയോഗിക്കണം. സംസ്ഥാന സര്‍ക്കാര്‍ 50 ഇ റിക്ഷകള്‍ ഉടനടി അനുവദിക്കണം. വിഷയം ഗൗരവമായി പരിഗണിക്കണമെന്നും ദുരന്തം ക്ഷണിച്ച് വരുത്താന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
നൈനിറ്റാള്‍ സര്‍ക്കിള്‍ ഓഫിസര്‍ വിഭാ ദീക്ഷിദ് വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കുമെന്ന് കോടതിക്ക് ഉറപ്പ് നല്‍കി. ഈ മാസം 14 മുതല്‍ ആരംഭിക്കുന്ന കയ‌്നച് ദാം മേളയുടെ ഭാഗമായി നിരവധി വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും എത്തിച്ചേരുന്നത് കണക്കിലെടുത്താണ് കോടതി ഹര്‍ജി അടിയന്തരമായി പരിഗണിച്ചത്.
English Summary:Joshimath will be repeated in Nainital too: High Court
You may also like this video