Site iconSite icon Janayugom Online

മെക്സിക്കോയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകന്റെ മരണം

മെക്സിക്കോയിലെ സിനലോവയില്‍ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മുതിർന്ന പത്രപ്രവർത്തകനും എൽ ഡിബേറ്റിലെ കോളമിസ്റ്റുമായ ലൂയിസ് എൻറിക് റാമിറെസിനെ ദേശീയപാതയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോർണി ജനറൽ അറിയിച്ചു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒരു കറുത്ത ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മ‍ൃതദേഹം കണ്ടെത്തിയത്.

40 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്ത് സജീവമാണ് ലൂയിസ്. ആസന്നമായ ഒരപകടം അനുഭവപ്പെടുന്നതായും തനിക്ക് അനുയോജ്യമായൊരു കൊലപാതക ശ്രേണിയുണ്ടെന്നും ലൂയിസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ലൂയിസിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഫെഡറൽ ഗവൺമെന്റ് സംസ്ഥാന, പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മാധ്യമപ്രവർത്തകർക്കുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റിന്റെ വക്താവ് ജീസസ് ക്യൂവാസ് ട്വിറ്ററിൽ അറിയിച്ചു.

ലൂയിസ് ഉള്‍പ്പെടെ ഒമ്പത് മാധ്യമപ്രവര്‍ത്തകരാണ് ഈ വര്‍ഷം മാത്രം മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ ഭരണകാലത്ത് മാധ്യമങ്ങൾക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് ഏപ്രിലില്‍ പ്രസിദ്ധീകരിച്ച പത്രസ്വാതന്ത്ര റിപ്പോര്‍ട്ടില്‍ പറയുന്നത്. 34 മാധ്യമപ്രവര്‍ത്തരാണ് ഒബ്രഡോറിന്റെ ഭരണ കാലത്ത് കൊല്ലപ്പെട്ടത്.

Eng­lish summary;Journalist dies again in Mexico

You may also like this video;

Exit mobile version