Site icon Janayugom Online

മുതിർന്ന മാധ്യമ പ്രവർത്തകന്‍ ആർ ശ്രീനിവാസൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും ദിനതന്തി പത്രത്തിന്റെ ലേഖകനുമായ ആർ ശ്രീനിവാസൻ (86) ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലെ വസതിയിൽ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് തിങ്കളാഴ്ചയാണ് എരഞ്ഞിപ്പാലത്തെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ 5.45ന് ആശുപത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12ന് കോഴിക്കോട് പുതിയപാലം തളി ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.

സുഹൃത്തുക്കൾക്കിടയിൽ സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഹിന്ദു പത്രത്തിന്റെ കോഴിക്കോട്ടെ റിപ്പോർട്ടറായിരുന്ന പരേതരായ ടി എൻ രാമസ്വാമിയുടെയും സീതാലക്ഷ്മിയുടെയും മകനാണ്. തമിഴ്‌നാട്ടിലെ രാമനാട് ജില്ലയിലെ പാകനേരിക്കടുത്ത തുരുമ്പുപെട്ടി ഗ്രാമത്തിൽ നിന്നാണ് ഹിന്ദു ലേഖകനായി 1930-കളിൽ രാമസ്വാമി കോഴിക്കോട്ട് എത്തിയത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. ശ്രീനിവാസൻ അടുത്ത കാലം വരെ റിപ്പോർട്ടിംഗ് രംഗത്തുണ്ടായിരുന്നു. കേരള പത്രപ്രവർത്തക യൂണിയന്റേയും കേരള സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിന്റേയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: പാലക്കാട് മേലാർകോഡ് സ്വദേശിനിയായ സുശീല. മകൾ: വിജയ. മരുമകൻ: പരേതനായ വെങ്കിടാചലം. സഹോദരൻ: പരേതനായ നാരായണ സ്വാമി.

Eng­lish Sum­ma­ry: jour­nal­ist R Srini­vasan passed away
You may also like this video

Exit mobile version