Site iconSite icon Janayugom Online

ഇറാനിയൻ കപ്പല്‍ ഐആർഐഎസ് ലാവന്റെ ദൃശ്യങ്ങൾ പകർത്തി; മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തിയ രണ്ട് മാധ്യമപ്രവർത്തകരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസിന് കൈമാറുകയുമായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഇറാൻ കപ്പൽ നിലവിൽ കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിഷയമായതിനാൽ സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പകർത്തിയ ദൃശ്യങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും തീരദേശത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായും അധികൃതർ അറിയിച്ചു.

Exit mobile version