Site iconSite icon Janayugom Online

ചെ ഗുവേരയെ അതിരുകടന്ന് അധിക്ഷേപിച്ച് ജോയ് മാത്യു

ആദ്യം ചെ ഗുവേരയെക്കുറിച്ചുള്ള ജോയ് മാത്യുവിന്റെ വിവരം എത്രത്തോളമെന്ന് നോക്കാം. ചെ യെ അധിക്ഷേപിച്ചിരിക്കുന്നു. അപമാനിച്ചിരിക്കുന്നു. അങ്ങേയറ്റം അതിരുകടന്ന് പറഞ്ഞിരിക്കുന്നു. അതിനൊപ്പം അയാള്‍ക്കറിയാവുന്ന വിധം കമ്മ്യൂണിസ്റ്റ് യുവതയെയും മോശമായി ചിത്രീകരിച്ചിട്ടുണ്ട്. പോരാത്തതിന് കേരളത്തില്‍ നിന്ന് ക്യൂബ സന്ദര്‍ശിക്കുന്ന സംഘത്തെയും വിമര്‍ശിക്കുന്നു.

അയാള്‍ ഇങ്ങനെ കുറിച്ചു; ‘ഇന്നാണ് (ജൂണ്‍ 14ന് എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്) ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം. വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങൾ കൊടി മുതൽ അടിവരെയുള്ള തുണികളിൽ ‘ചെ‘യുടെ ചിത്രം വരച്ചുവച്ചു പൂജിക്കുന്നത്. ഞാനും ആ ലെവലിൽ ഉള്ള ആളാണെന്ന ധാരണയിൽ എന്റെ കമന്റ് ബോക്സിൽ വന്ന് കുറച്ചുകാലമായി കമ്മി കൃമികൾ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത്! ആദ്യമൊന്നും എനിക്കത് മനസിലായില്ല‑ഉള്ളത് പറയാമല്ലോ, പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല; ബിജയന്റെ വാറ്റെ ഉള്ളൂ.

യുവജന ചിന്തയിൽ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ! അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വൻ വിപണന സാധ്യതയുള്ള ‘എന്തോ ഒന്ന്’ കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേൾക്കുന്നു. ആയതിനാൽ ‘സാധനം കയ്യിലുണ്ട്’ എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്‌സ്യൂൾ കൃമികൾ അല്പം കാത്തിരിക്കൂ. ഇനി മുതൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ എന്റെ പ്രൊഫൈൽ നമ്മുടെ ആശാന്റെ പടമായിരിക്കും. കാപ്‌സ്യൂൾ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി’.

ഇത്രത്തോളം വായിച്ചുപൂര്‍ത്തിയാക്കാന്‍ പോലും ക്ഷമയില്ലാത്തതാണ് ചെ ഗുവേര എന്ന ധീരവിപ്ലവകാരിയോടുള്ള വൈകാരികത. സമൂഹമാധ്യമങ്ങളാകെ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ചെ യുടെ ചിത്രം പ്രൊഫൈല്‍ ആക്കിക്കൊണ്ടാണ് ജോയ് മാത്യു യുവാക്കളെ വെല്ലുവിളിച്ചിരിക്കുന്നത്.

ഇങ്ങനെ പറഞ്ഞുവച്ച് പലതിനും തീക്കൊളുത്തിയ ജോയ് മാത്യു എന്ന നടന്‍ ചെ ഗുവേരയെക്കുറിച്ച് പഠിക്കാതിരിക്കില്ല. ചെ യുടെ ചുണ്ടിലെ വിഖ്യാതമായ ക്യൂബന്‍ സിഗാരിന്റെ ചരിത്രവും പഠിക്കേണ്ടിവരും. ബൊളീവിയന്‍ കാടുകളിലെ പോരാട്ടം എന്തെന്നും അറിഞ്ഞുകൊണ്ടേയിരിക്കും. ചെ പോരാടിയത് ഒരു നാടിനും അവിടത്തെ ജനങ്ങളുടെ മോചനത്തിനും വേണ്ടിയെന്ന് പിന്നെയും പിന്നെയും പഠിക്കേണ്ടിവരും. ഒരിക്കല്‍പ്പോലും ന്യായീകരിക്കാനോ, വെറുതേ വായിച്ചുതള്ളാനോ കഴിയാത്ത വാക്കുകള്‍ ഫേസ്ബുക്കില്‍ പെറുക്കിവച്ച നടന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്തെന്ന് സമൂഹത്തിന്റെ മുന്നിലുണ്ട്. ആ സമൂഹം ജോയ് മാത്യുവിന് മുന്നില്‍ തുറന്നുവയ്ക്കും ചെ ഗുവേര എന്ന മഹാവിപ്ലകാരിയുടെ വീരചരിത്രം.

ചെഗുവേരയെ സംബന്ധിച്ചിടത്തോളം സിഗാർ വലിക്കുന്നത് ഒരു ആഡംബരമല്ല, വീര്യത്തിനുമായിരുന്നില്ല. അത് അദ്ദേഹത്തിലെ വിപ്ലവത്തിന്റെ ഒരു ഭാഗമായിരുന്നു. ബുദ്ധിമുട്ടുകളും അപകടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ പ്രയാസങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു ഉപാധി. വിശ്രമവേളകളിൽ ഒരു പുക ഒരു ഏകാന്ത പോരാളിക്ക് മികച്ച കൂട്ടാളിയെന്ന് ചെ കരുതി. 1956 ഡിസംബര്‍ മാസത്തില്‍ തന്റെ 28-ാം വയസില്‍ ആണ് ആദ്യമായി സിഗാര്‍ പുകയ്ക്കുന്നത്. ഒരുപാടൊരുപാട് നിര്‍ബന്ധങ്ങള്‍ക്ക് അതിലേറെ ഒഴിവുകഴിവുകള്‍ നിരത്തി. തന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന കര്‍ഷകന്റെ വാക്കുകളേക്കാള്‍ പിന്നീട് ചെ ഗുവേരയ്ക്ക് പ്രിയംതോന്നിയത്, ആ ക്യൂബന്‍ ഇലയുടെ സുഗന്ധത്തോടായിരുന്നു. ആ തുടക്കം ജീവിതകാലം വരെ ആസ്വദിച്ച ഒരു ശീലമായി മാറുകയും ചെയ്തു. ചെ യുടെ സിഗാറും അതില്‍ നിന്നുയരുന്ന പുകച്ചുരുളും ആ വിപ്ലവ സൂര്യനെ നെഞ്ചേറ്റുന്നവരുടെ മനസിനെ മത്തുപിടിപ്പിക്കുന്നതാണ്.

ചെ യുടെ ജീവചരിത്രത്തിന്റെ ഓരോ ഏടുകളിലും ക്യൂബന്‍ സിഗാറിന്റെ പുകമണമുണ്ട്. ചെ യുടെ വിപ്ലവത്തിലും ചെറുത്തുനില്‍പ്പിലും ആ ക്യൂബന്‍ ഇലകളുടെ നറുമണം തന്നെയാണ്.

Eng­lish Sam­mury: Joy Math­ew abus­es com­mu­nist fig­ure in the Cuban Rev­o­lu­tion che guevara

Exit mobile version