Site iconSite icon Janayugom Online

ജെഎസ്എസ് പിളര്‍പ്പിലേക്ക്; ജനറല്‍ സെക്രട്ടറി എ എന്‍ രാജന്‍ ബാബുവിനെ സസ്പെന്റ് ചെയ്ത് പ്രസിഡന്റ് എ വി താമരാക്ഷന്‍

യുഡിഎഫ് മുന്നണിയുമായി സഹകരിക്കുന്ന ജെഎസ്എസ് പിളര്‍പ്പിലേക്ക്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ എന്‍ രാജന്‍ ബാബുവിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ പ്രസിഡന്റ് എ വി താമരാക്ഷന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട് എന്നാല്‍ പുറത്താക്കിയവരുടെ തമാശ മാത്രമാണ് യോഗമെന്നും പാര്‍ട്ടിയും പാര്‍ട്ടി ഭരണഘടനയും അറിയാതെയുള്ള പ്രചാരണത്തെ വിലകല്‍പ്പിക്കുന്നില്ലെന്നും രാജന്‍ബാബു പറഞ്ഞു.

16ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും രാജന്‍ബാബു അഭിപ്രായപ്പെട്ടതായി പറയുന്നു.സെക്രട്ടറിയായ ബാലരാമപുരം സുരേന്ദ്രനെയും ഭാരവാഹികളായ കെപി സുരേഷിനെയും വിനോദ് വയനാടിനെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള രാജന്‍ബാബുവിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ തര്‍ക്കം രൂപംകൊണ്ടത്. സംസ്ഥാന പ്രസിഡന്റിനോടു പോലും ആലോചിക്കാതെയുള്ള തീരുമാനമെന്നാണ് താമരാക്ഷന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോപണമുയര്‍ന്നത്.

ജനറല്‍ സെക്രട്ടറിയായ രാജന്‍ബാബു പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നില്ല. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ നിലപാടുകള്‍ കണക്കിലെടുത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജന്‍ബാബുവിനെ മാറ്റി നിര്‍ത്തി വിശദീകരണം തേടും. നവംബറിലെ സംസ്ഥാന സമ്മേളനം വരെ ജനറല്‍ സെക്രട്ടറിയായി ബാലരാമപുരം സുരേന്ദ്രനെ നിയമിക്കാനും താമരാക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി .എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ ജനറല്‍ സെക്രട്ടറിക്കല്ലാതെ ആര്‍ക്കും അധികാരമില്ലെന്ന് രാജന്‍ബാബു പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സെക്രട്ടറിക്കടക്കം നോട്ടീസ് നല്‍കിയാണ് തീരുമാനമെടുത്തത്. എറണാകുളത്ത് സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംസ്ഥാന സെന്റര്‍ യോഗം നടപടി അംഗീകരിക്കുകയും ചെയ്തിരുന്നുവെന്നും രാജന്‍ബാബു പറഞ്ഞു.

Exit mobile version