പൊതുമധ്യത്തിൽ ജഡ്ജിമാർ മതപരമായ ചിഹ്നങ്ങളോ വിശ്വാസങ്ങളോ പ്രദര്‍ശിപ്പിക്കുന്നതിന് താൻ എതിരാണെന്ന് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ഹിമ കോലി. ന്യായാധിപരുടെ മതവിശ്വാസം അവരുടെ നാല് ചുമരുകൾക്കുള്ളിൽ നിൽക്കണമെന്നും അത് ഔദ്യോഗിക ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ബാര്‍ ആന്റ് ബെഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ ഹിമ കോലി പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തത് വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹിമ കോലിയുടെ പ്രതികരണം.
നമുക്ക് പലവിശ്വാസങ്ങളുമുണ്ടാകാം. എന്നാൽ ഒരു സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്ന സാഹചര്യത്തിൽ മാനവികതയും ഭരണഘടനയുമാവണം നമ്മുടെ മതം. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പരമാധികാര റിപ്പബ്ലിക്ക് എന്നുവച്ചാൽ പൊതുമധ്യത്തിലുള്ള കാര്യങ്ങൾ വ്യത്യസ്ത സാമൂഹിക വർഗങ്ങളിലുള്ള ആളുകൾ ഉൾക്കൊള്ളണമെന്നാണ്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ നിലപാടുകൾ നീതി നടപ്പാക്കലിനെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
പൊതുമധ്യത്തിൽ ഭരണകൂടവും നീതിന്യായ സംവിധാനവും പരസ്പരം സംവദിക്കുന്ന സാഹചര്യങ്ങളുണ്ടാകണം. അത് നീതിനിർവഹണത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാൽ അതിന് ഒരു വ്യവസ്ഥയുണ്ടാകണം. ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരുന്നത് നീതിന്യായ സംവിധാനമായിരിക്കും. തന്റെ സ്വകാര്യജീവിതത്തിലേക്ക് കയറിവരാൻ ആരെയും താൻ അനുവദിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിൽ തന്റെ മേൽ സ്വാധീനം ചെലുത്താൻ ആരും ശ്രമിച്ചിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം ആർക്കും നൽകിയിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോൾ പോലും സഹജഡ്ജിമാരുമായി കൈകാര്യം ചെയ്യുന്ന കേസിനെ കുറിച്ച് സംസാരിക്കാറില്ലെന്നും ആ വിഷയം തങ്ങളുടെ ബെഞ്ചിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതാണെന്നും ഹിമ കോലി അഭിപ്രായപ്പെട്ടു. സ്വവര്‍ഗ വിവാഹം, ഗർഭഛിദ്ര നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ നിര്‍ണായക വിധി പ്രഖ്യാപനങ്ങള്‍ നടത്തിയ ജഡ്ജിയാണ് ജസ്റ്റിസ് ഹിമ കോലി.