Site iconSite icon Janayugom Online

ജുഡീഷ്യൽ ആക്ടിവിസം തെറ്റിദ്ധരിക്കപ്പെടുന്നു: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജുഡീഷ്യൽ ആക്ടിവിസം ഇന്ത്യൻ സാഹചര്യത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും നമുക്ക് ഇഷ്ടമുള്ള വിധി വന്നാൽ ജുഡീഷ്യൽ ആക്ടിവിസമെന്നും ഇഷ്ടമല്ലാത്തത് വന്നാൽ അത് ജുഡീഷ്യൽ നിയന്ത്രണമെന്നും വിലയിരുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊല്ലം ബാർ അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപർ ഉൾപ്പെടെ ഓരോ പൗരനും പ്രവർത്തിക്കേണ്ടത് സ്വന്തം മനസാക്ഷിക്ക് അനുസരിച്ചല്ല മറിച്ച് ഭരണഘടനാനുസൃതമായ മനസാക്ഷിക്ക് അനുസരിച്ചാണ്. ഓരോ വ്യക്തിയുടെയും മനസാക്ഷി വ്യത്യസ്തപ്പെട്ടിരിക്കും. എന്നാൽ ഭരണഘടനാനുസൃതമായ മനസാക്ഷി എല്ലാ ഇന്ത്യക്കാരനും ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിഭാഷകർ മാനവികതയ്ക്കാവണം മുൻതൂക്കം നൽകേണ്ടത്. 

മറ്റുള്ളവരുടെ ജീവിതം കൊണ്ട് ജീവിക്കുന്നവരായതിനാൽ കക്ഷികൾക്ക് വേണ്ടി ഏറ്റവും മികച്ച സേവനം നൽകണം. സ്ത്രീകൾ വളരെയധികം ഈ മേഖലയിൽ മുന്നോട്ടു വരുന്നത് സ്വാഗതാർഹമാണ്. ഇന്ദിരാഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയിൽ വെക്കേഷൻ ജഡ്ജ് ആയിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മുന്നിൽ വന്നപ്പോൾ നൽകിയ താൽക്കാലിക സ്റ്റേ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായവിധിയായി. കേസിന്റെ അന്തിമ വിധിയേക്കാൾ ഇന്നും ഓർക്കപെടുന്നത് ആ വിധിയാണ്. കേസുമായി മുന്നിലെത്തുന്നവരോട് വൈകാരികമായി അടുപ്പം ഉണ്ടാകുന്നത് അഭിഭാഷക മേഖലയിൽ നല്ലതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ അനിൽകുമാർ അധ്യക്ഷനായി. ചടങ്ങിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ, അഡിഷണൽ ജഡ്ജ് പി എൻ വിനോദ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ വി നയിന, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എ കെ മനോജ്, അഡ്വ. രേണു ജി പിള്ള എന്നിവർ സംസാരിച്ചു.

Exit mobile version