Site iconSite icon Janayugom Online

യുപി കസ്റ്റഡി മരണത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ പൊലീസ് കസ്റ്റഡിയില്‍ അല്‍ത്താഫ് എന്ന യുവാവ് മരിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് നടപടി.
ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടി അല്‍ത്താഫിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത് പ്രകാരമാണ് അല്‍ത്താഫ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ ഇയാളെ പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ചോദ്യം ചെയ്യലിനിടെ ശുചിമുറിയിലേക്ക് പോയ യുവാവിനെ പിന്നീട് പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു പൊലീസ് ഭാഷ്യം. നിലത്ത് നിന്ന് മൂന്ന് അടി മാത്രം പൊക്കമുള്ള ചുവരിനോട് ചോര്‍ന്നുള്ള പ്‌ളാസ്റ്റിക് പൈപ്പില്‍ യുവാവ് തൂങ്ങിമരിച്ചു എന്ന പൊലീസ് വാദം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കോട്വാലി പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഉള്‍പ്പെടെ അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പൊലീസ് വാഗ്ദാനം ചെയ്തതായി യുവാവിന്റെ ബന്ധു മുഹമ്മദ് സഗീര്‍ വെളിപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry : judi­cial enquiry for cus­tody mur­der in uttarpradesh 

You may also like this video :

Exit mobile version