Site iconSite icon Janayugom Online

ഹത്രാസ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. റിട്ട. ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. അതേസമയം ദുരന്തത്തിന് പിന്നാലെ മുങ്ങിയ പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഭോലെ ബാബയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ ഇതുവരെയും ആൾദൈവത്തെ കേസില്‍ പ്രതിയാക്കിയിട്ടില്ല. പൊലീസ് മെയിൻപുരിയിലെ ആശ്രമത്തിലെത്തിയെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആശ്രമത്തിന് മുന്നില്‍ വന്‍തോതില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 

ദുരന്തത്തില്‍ 121 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ജീവന്‍ നഷ്ടമായവരില്‍ 89 പേര്‍ ഹത്രാസ് സ്വദേശികളാണ്. ഹത്രാസിലെ സിക്കന്ദ്ര റാവിലെ പാടത്ത് താല്‍ക്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സാകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ സത്‌സംഗ് നടന്നത്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നു. അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ സംഘാടകർ സജ്ജീകരിച്ചില്ലെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ഭോലെ ബാബ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് വ്യക്തമാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു. 

Eng­lish Sum­ma­ry: Judi­cial inquiry into Hathras tragedy

You may also like this video

Exit mobile version