Site iconSite icon Janayugom Online

അപേക്ഷിച്ച് വെറും ആറ് മാസം; ട്രാൻസ്ജെൻഡർ വൈഗയ്ക്ക് അദാലത്ത് വഴി മഞ്ഞ റേഷൻ കാർഡ്

‘ആറ് മാസം മുമ്പ് മാത്രമാണ് കോഴിക്കോട് സൗത്ത് റേഷനിങ് വിഭാഗത്തിൽ റേഷൻ കാർഡ് മാറ്റാൻ അപേക്ഷ നൽകിയത്. എഎവൈ (മഞ്ഞ) കാർഡിനാണ് അപേക്ഷിച്ചത് എന്നതിനാൽ ഇത്ര പെട്ടെന്ന് ലഭിക്കും എന്ന് കരുതിയില്ല. പെട്ടെന്ന് തന്നെ കാർഡ് ലഭ്യമാക്കി നൽകിയതിൽ ഒരുപാട് നന്ദിയുണ്ട്’ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയായ ട്രാൻസ്ജൻഡർ വൈഗ സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണിത്. കോവൂർ പി കൃഷ്ണപിള്ള ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കോഴിക്കോട് താലൂക്ക്തല അദാലത്തിൽ വെച്ചാണ് വൈഗ മന്ത്രി പി എ മുഹമ്മദ് റിയാസിൽ നിന്ന് മഞ്ഞ റേഷൻ കാർഡ് സ്വീകരിച്ചത്.
നേരത്തെ ബിപിഎൽ വിഭാഗത്തിൽപ്പെട്ട പിങ്ക് റേഷൻ കാർഡ് ഉടമയായിരുന്ന വൈഗ തനിയ്ക്ക് ഏറ്റവും മുൻഗണനയുള്ള എഎവൈ കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാർഡ് മാറ്റത്തിന് അപേക്ഷ നൽകിയിരുന്നത്. 

ട്രാൻസ്ജൻഡർ എന്ന നിലയിൽ വൈഗയ്ക്ക് എഎവൈ കാർഡിന് പ്രത്യേക പരിഗണനയുള്ളതായി സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു. അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വെച്ചവർക്കെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ കൂടുതൽ പേർ അത്തരം റേഷൻ കാർഡുകൾ തിരിച്ചേൽപ്പിച്ചതും അർഹർക്ക് ആ കാർഡുകൾ നൽകാൻ സഹായിച്ചു. ആകെ 36 മുൻഗണന റേഷൻ കാർഡുകൾ മന്ത്രി മുഹമ്മദ് റിയാസ് അദാലത്തിൽ വിതരണം ചെയ്തു. 

41‑കാരി വൈഗയ്ക്ക് നേരത്തെ ബ്രസ്റ്റ് ഓഗ്മെന്റേഷൻ സർജറി, ജൻഡർ അഫർമേഷൻ സർജറി എന്നിവ നടത്താൻ സർക്കാർ സ്കീമിൽ രണ്ടര ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതിന് പുറമെ, ശസ്ത്രക്രിയയ്ക്ക് ശേഷം ആഫ്റ്റർ കെയർ ആയി 72,000 രൂപയും ലഭിച്ചു. സനൂജിൽ നിന്നാണ് വൈഗ സുബ്രഹ്മണ്യത്തിലേക്കുള്ള ഇവരുടെ മാറ്റം. താടിയും മുടിയുമുള്ള രൂപത്തിൽ നിന്ന് തുടങ്ങി സാരിയിൽ അവസാനിക്കാൻ ആറു വർഷമെടുത്തെന്നാണ് വൈഗ പറയുന്നത്. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും ഇതിനിടയിൽ നേരിടേണ്ടിവന്നിട്ടുണ്ടെന്നും ഇവർ നേരത്തെ ഫേസ് ബുക്കിൽ കുറിച്ചിരുന്നു. 35-ാം വയസിലാണ് സ്വത്വം തിരിച്ചറിഞ്ഞ വൈഗ പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. 

Exit mobile version