Site iconSite icon Janayugom Online

72 വർഷങ്ങൾക്ക് ശേഷം നീതി; വധശിക്ഷ നടപ്പാക്കിയ ടോമി ലീ വാക്കറെ നിരപരാധിയായി പ്രഖ്യാപിച്ചു

1954ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാലസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് ഇക്കാര്യം അറിയിച്ചത്.

1953ൽ ഒരു യുവതി കൊല്ലപ്പെട്ട കേസിൽ 19-ാം വയസ്സിലാണ് ടോമി അറസ്റ്റ് ചെയ്യപ്പെട്ടത്. നിർബന്ധിത കുറ്റസമ്മതത്തിലൂടെയും തെറ്റായ തെളിവുകളിലൂടെയും വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പൊലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്നും തെറ്റായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇപ്പോഴത്തെ ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് വെളിപ്പെടുത്തി. 1954ൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുമ്പോഴും താൻ നിരപരാധിയാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞിരുന്നു. ഡാലസ് കൗണ്ടിയുടെ ‘കൺവിക്ഷൻ ഇന്റഗ്രിറ്റി യൂണിറ്റ്’ നടത്തിയ പുനരന്വേഷണമാണ് 72 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചത്.

Exit mobile version