Site iconSite icon Janayugom Online

ഔദ്യോഗിക വസതി ഒഴിയാന്‍ താനും,കുടുംബവും തയ്യറാണെന്ന് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്

chandrachudchandrachud

ഔദ്യോഗിക വസതി ഒഴിയാന്‍ താനും ‚കുടുംബവും തയ്യാറാണെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ചന്ദ്രചൂഡിനോട് ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞുതരാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങള്‍ എല്ലാം പാക്ക് ചെയ്തു കഴിഞ്ഞു, ഫര്‍ണിച്ചറുകളും പാക്ക് ചെയ്തു. ദിവസേന ഉപയോഗിക്കുന്നതൊഴികെ.

വീട് ഒഴിയാൻ ഏകദേശം പത്ത് ദിവസമെടുത്തേക്കാം, കൂടിയാല്‍ രണ്ടാഴ്ച ജസ്റ്റിസ് ചന്ദ്രചൂഡ് ബാര്‍ ആന്‍ഡ് ബെഞ്ചിനോട് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചന്ദ്രചൂഡ് വിരമിച്ചത്. വിരമിച്ചശേഷം അനുവദനീയമായ സമയത്തിനുശേഷവും ഡല്‍ഹി കൃഷ്ണമേനോന്‍ മാര്‍ഗിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് തുടരുകയാണെന്ന് സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്രത്തിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ പല ജഡ്ജിമാരും ഗസ്റ്റ് ഹൗസുകളിലും മറ്റും താമസിക്കുന്ന സാഹചര്യത്തിലാണ് എത്രയും വേഗം വസതി മടക്കിനല്‍കണമെന്ന് ആവശ്യപ്പെട്ടത്. 

വിരമിച്ചശേഷവും ഔദ്യോഗിക വസതിയില്‍ കഴിയാനുള്ള ആറുമാസത്തെ കാലാവധി മേയ് പത്തിന് അവസാനിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ് വാക്കാല്‍ ആവശ്യപ്പെട്ടപ്രകാരം മേയ് 31 വരെ നീട്ടിയ സമയവും അവസാനിച്ചു. ഇനി എത്രയുംവേഗം വസതി ഏറ്റെടുത്ത് സുപ്രീംകോടതിയുടെ ഹൗസിങ് പൂളിലേക്ക് കൈമാറണമെന്നാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് താമസിക്കാനുള്ള വസതിയിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇപ്പോഴും തുടരുന്നത്. വിരമിച്ചശേഷം താമസിക്കാന്‍ തുഗ്ലക് റോഡിലെ 14-ാം നമ്പര്‍ ബംഗ്ലാവ് അനുവദിച്ചെങ്കിലും അതിന്റെ നവീകരണം തീര്‍ന്നിട്ടില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. അദ്ദേഹത്തിനുശേഷം വന്ന ചീഫ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി ആര്‍ ഗവായിയും തങ്ങളുടെ പഴയ ഔദ്യോഗിക വസതിയില്‍ത്തന്നെ തുടരാന്‍ താത്പര്യമറിയിച്ചിരുന്നു.

Exit mobile version