അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കെതിരെ ശിക്ഷാ വിധിയുണ്ടായിരിക്കുന്നു. മനഃസാക്ഷിയെ ഞെട്ടിച്ചതു മാത്രമായിരുന്നില്ല മധുവിന്റെ നിഷ്ഠുരമായ കൊലപാതകം. ഉത്തരേന്ത്യന്‍ നിരക്ഷരസ്ഥലികളില്‍ വര്‍ണവിദ്വേഷവും സവര്‍ണ അഹംബോധവും ധനിക ധാര്‍ഷ്ട്യവും തിമിരബാധയുണ്ടാക്കിയ ആള്‍ക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ദളിതന്റെ രോദനം അകലെയിരുന്ന കേള്‍ക്കേണ്ടിവന്ന ജനസമൂഹമായിരുന്നു മലയാളികള്‍. ആ നമ്മള്‍, തൊട്ടടുത്തുള്ള ഒരു ആദിവാസി യുവാവിനെ, അവന്റെ വാസസ്ഥലത്തുനിന്ന് (ഇവിടെയത് വനമായിരുന്നു) പിടിച്ചിറക്കി കൊണ്ടുവന്ന് വിചാരണ പോലുമില്ലാതെ ആള്‍ക്കൂട്ടം കൊല ചെയ്തതിന്റെ വാര്‍ത്തകേട്ട് ഞെട്ടിയതായിരുന്നു മധുവിന്റെ മരണം. കന്നുകാലികളെ കടത്തിയെന്നോ, അവയുടെ തൊലിയുരിഞ്ഞെന്നോ, ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചെന്നോ, മോഷണം നടത്തിയെന്നോ ഒക്കെ ആരോപിച്ചായിരുന്നു വടക്കേ ഇന്ത്യന്‍ കൊലപാതകങ്ങളിലേറെയും. ഇവിടെയുമത് മോഷണക്കുറ്റം ആരോപിച്ചായിരുന്നു. യഥാര്‍ത്ഥത്തില്‍ അവനത് ബോധപൂര്‍വം ചെയ്തതായിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്നൊരു ചെറുപ്പക്കാരന്റെ അബോധപ്രവൃത്തി മാത്രമായിരുന്നു.
എന്നിട്ടും കാട്ടിനുള്ളില്‍ താമസിക്കുകയും തോന്നുമ്പോള്‍ പുറത്തിറങ്ങി അലഞ്ഞു തിരിയുകയും കിട്ടുന്നത് ഭക്ഷിക്കുകയും ചെയ്യുന്ന ആ യുവാവിനെ തിരിച്ചറിയുവാന്‍ തയ്യാറാകാതിരുന്ന ഒരു വിഭാഗം അവനെ കൊന്നുകളയുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരേസമയം വിവാദവും ആകാംക്ഷയും ചൂഴ്ന്നുനിന്ന സംഭവമായി മധുവിന്റെ കൊലപാതകം. കേസുകള്‍ക്കു പിറകേ പോകുന്നതിനുള്ള സാമ്പത്തിക പിന്‍ബലമുള്ള കുടുംബ — സാമൂഹ്യ പശ്ചാത്തലമായിരുന്നില്ല മധുവിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കേസിന്റെ ഭാവിയെ കുറിച്ചായിരുന്നു വലിയ ആശങ്ക. എന്നാല്‍ സംസ്ഥാന പൊലീസ് സംവിധാനം വളരെ ഗൗരവത്തോടെ കേസിനെ കാണുകയും അന്വേഷണവും പ്രതികളെ കണ്ടെത്തലും വേഗത്തില്‍ നടത്തുകയും ചെയ്തു. 2018 ഫെബ്രുവരി 22ന് മധുവിന്റെ കൊല നടന്ന് രണ്ടു മാസം പൂര്‍ത്തിയായപ്പോള്‍ മേയ് 22ന് 1600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പക്ഷേ, വിചാരണ നടപടികളില്‍ കാലതാമസമുണ്ടായി. കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ പ്രസ്തുത കൊലപാതകക്കേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ കടമ്പകളേറെയായിരുന്നു. മധു കേസ് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചരണായുധമായി മാറ്റുന്നതിന് ചില മാധ്യമങ്ങളുടെ ശ്രമങ്ങളുമുണ്ടായി. അതെല്ലാം അവഗണിച്ച്, സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിക്കുകയും വിചാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച മുതിർന്ന അഭിഭാഷകരായ പ്രോസിക്യൂട്ടർമാര്‍ പോലും പിന്നീട് പിന്മാറുന്ന സാഹചര്യമുണ്ടായി.
ഇതുകൂടി വായിക്കൂ: ഇല്ലാതാകുന്ന ജനാധിപത്യ മൂല്യങ്ങള്‍
പ്രതികളായവര്‍ നടത്തിയ സാമ്പത്തിക സ്വാധീന ശ്രമങ്ങളും സാക്ഷികളുടെ കൂറുമാറ്റവും കേസിന്റെ ഭാവിയെ കുറിച്ച് ആശങ്കകള്‍ വര്‍ധിപ്പിച്ചു. കൂട്ടക്കൂറുമാറ്റം കേസിനെ ബാധിക്കുമെന്ന് മനസിലാക്കിയ സര്‍ക്കാര്‍, മധുവിന്റെ ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ച് പ്രത്യേക അഭിഭാഷകനെ മാറ്റി നിയോഗിച്ചു. 103 സാക്ഷികളെ വിസ്തരിച്ചതില്‍ 24 പേര്‍ കൂറ് മാറി. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും മധുവിന്റെ കൊലപാതകികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും പ്രോസിക്യൂഷന്റെയും മധുവിന്റെ ബന്ധുക്കളുടെയും കൂടെ നിലകൊണ്ടു. ഒടുവില്‍ കേസിലെ ശിക്ഷാ വിധിയുണ്ടായിരിക്കുന്നു. 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച മണ്ണാര്‍ക്കാട് എസ് സി / എസ് ടി കോടതി ഒന്നാം പ്രതി ഹുസൈന്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചു. 16-ാം പ്രതി മുനീറിന് അഞ്ഞൂറ് രൂപ പിഴ നല്‍കി പോകാം. മൂന്ന് മാസം ആണ് ഇയാള്‍ക്ക് തടവ് വിധിച്ചത്. ഇത്രയും നാള്‍ കേസില്‍ മുനീര്‍ ജയിലില്‍ ആയിരുന്നത് ശിക്ഷയായി കണക്കാക്കിയാണ് വിട്ടയക്കുന്നതെന്നും വിധിയില്‍ പറയുന്നു. മറ്റൊരു പ്രത്യേകത കൂറ് മാറിയ നാല് സാക്ഷികള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയെന്നതാണ്. കൂറുമാറുന്നതിന് കാരണമായി കാഴ്ചയില്ലെന്ന വാദം അവതരിപ്പിച്ച സാക്ഷിയുടെ കണ്ണ് പരിശോധന നടത്തി യാതൊരു തകരാറുമില്ലെന്ന് കണ്ടെത്തിയിരുന്നു. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറിയ കേസുമായിരുന്നു ഇത്.
പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം കീഴ്‌ക്കോടതി റദ്ദാക്കുക എന്ന അസാധാരണമായ സംഭവവും മധു കേസിലുണ്ടായി. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് ശക്തമായി കേസ് നടത്തിയ പ്രോസിക്യൂഷനും അതിനൊപ്പം നിന്ന സര്‍ക്കാരും ഈ വിധിയുണ്ടാകുന്നതില്‍ നിര്‍ണായക നിലപാടെടുത്തു. അതോടൊപ്പം സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും നിതാന്ത ജാഗ്രതയോടെ കേസിന്റെ പിന്നാലെ നിന്നു. പ്രതികള്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയത്. ഇതനുസരിച്ചുള്ള ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ബോധപൂര്‍വമായ നരഹത്യാ കുറ്റം ചുമത്തിയില്ലെന്നത് പോരായ്മയായി നിയമ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെന്നതും ശിക്ഷ കുറഞ്ഞുപോയെന്ന പരാതി മധുവിന്റെ അടുത്ത ബന്ധുക്കള്‍ക്ക് ഉണ്ടെന്നതിനാലും വിധിക്കെതിരെ അപ്പീല്‍ സാധ്യത നിലവിലുണ്ട്. പ്രതികളും അപ്പീല്‍ നല്‍കുമെന്നറിയിച്ചിട്ടുണ്ട്. എങ്കിലും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുന്ന സമീപനങ്ങള്‍ മറ്റ് ചില കോടതികളില്‍ നിന്നുണ്ടാകുമ്പോള്‍ മണ്ണാര്‍ക്കാട്ടെ കോടതി വിധി നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച പ്രതീക്ഷയാണ് നിലനിര്‍ത്തുന്നത്.