തായ്‌വാൻ ദ്വീപിനെ പൂർണ്ണമായും ഉപരോധിക്കാനും പിടിച്ചെടുക്കാനും ലക്ഷ്യമിട്ടുള്ള ‘ജസ്റ്റിസ് മിഷൻ 2025’ എന്ന വമ്പൻ സൈനികാഭ്യാസവുമായി ചൈന. തായ്‌വാൻ കടലിടുക്കിലും ദ്വീപിന്റെ പ്രധാന മേഖലകളിലുമായി കര, നാവിക, വ്യോമ, റോക്കറ്റ് സേനകളെ ചൈന വിന്യസിച്ചിരിക്കുകയാണ്. അമേരിക്ക തായ്‌വാന് 11 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ കൈമാറാൻ തീരുമാനിച്ചതും തായ്‌വാന്റെ വർധിച്ചുവരുന്ന പ്രതിരോധ സന്നാഹങ്ങളുമാണ് ചൈനയെ പ്രകോപിപ്പിച്ചത്. തായ്‌വാൻ സ്വതന്ത്ര രാജ്യമാകണമെന്ന് ആഗ്രഹിക്കുന്ന വിഘടനവാദികൾക്കുള്ള ശക്തമായ നടപടിയാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഡിസംബർ 30 ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന തത്സമയ വെടിവെപ്പ് അഭ്യാസങ്ങൾക്കാണ് ചൈനീസ് സൈന്യത്തിന്റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് നേതൃത്വം നൽകുന്നത്. ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും അതിർത്തിയിൽ വിന്യസിച്ചതോടെ തായ്‌വാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ചൈനയുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ സ്വന്തം മിസൈൽ സംവിധാനങ്ങളും വിമാനങ്ങളും തായ്‌വാൻ വിന്യസിച്ചിട്ടുണ്ട്. ചൈനയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ വെല്ലുവിളിയാണെന്ന് തായ്‌വാൻ പ്രസിഡന്റ് ഓഫീസ് കുറ്റപ്പെടുത്തി. തായ്‌വാൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് ചൈന ആവർത്തിച്ചു വ്യക്തമാക്കുമ്പോൾ, തങ്ങൾ നേരത്തെ തന്നെ ഒരു പരമാധികാര രാഷ്ട്രമാണെന്നും അതിനാൽ പ്രത്യേകമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതില്ലെന്നുമാണ് തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെയുടെ നിലപാട്.

