കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് എ ജെ ദേശായി വിരമിക്കുന്ന നാളെ മുതൽ ചുമതല ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വഹിക്കും. നിലവിൽ ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്.
2014 ജനുവരി 23നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത്. 2016 മാർച്ച് 10ന് സ്ഥിരം ജഡ്ജിയായി. 1967ൽ കണ്ണൂരിലെ താണയിൽ ജനിച്ചു. ഉഡുപ്പിയിലെ വിബി ലോ കോളജിൽനിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദം നേടി. 1989ൽ അഭിഭാഷകനായി എൻറോൾ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളിൽ ഏഴ് വർഷത്തോളം പ്രാക്ടീസ് ചെയ്തു.
പാരീസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഫ്രഞ്ച് സർക്കാരിന്റെ സ്കോളര്‍ഷിപ്പോടെ ബഹിരാകാശം, ടെലികമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ബിരുദാനന്തര ബിരുദവും ഹേഗ് അക്കാദമി ഓഫ് ഇന്റർനാഷണൽ ലോയിൽനിന്ന് പ്രൈവറ്റ് ഇന്റർനാഷണൽ ലോ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
English Summary: Justice Muhammad Mushtaq Acting Chief Justice
You may also like this video
