അയോധ്യാ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് എസ് അബ്ദുൾ നസീർ കഴിഞ്ഞദിവസം ആന്ധ്രാപ്രദേശ് ഗവർണറായി. അദ്ദേഹത്തിന്റെ നിയമനം വ്യാപകമായ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഭരണകൂടത്തിന് വിധേയരായവരെ പുതിയ സ്ഥാനമാനങ്ങൾ കാത്തിരിക്കുന്നുവെന്നത് തന്നെയാണ് നിയമനം തെളിയിച്ചത്. എന്നാൽ സുപ്രീം കോടതി ജസ്റ്റിസിനെക്കാൾ ഉത്തരവാദിത്തമുള്ള പദവിയാണോ ഗവർണർ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ചീഫ് ജസ്റ്റിസ് ആയിരുന്ന ഒരാൾ രാജ്യസഭാ എംപി ആയതിനെക്കാൾ ഭേദമാണല്ലോ വെറും ജസ്റ്റിസ് ഗവർണർ ആകുന്നത് എന്ന് ആശ്വസിക്കാം. എംപി ആയ ചീഫ് ജസ്റ്റിസിന്റെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നപ്പോൾ അന്തംവിട്ടത് ജനങ്ങളാണ്.
മൂന്ന് വർഷമായി രാജ്യസഭയ്ക്കകത്ത് ഒന്നും മിണ്ടാത്ത എംപിയെന്ന ബഹുമതിയാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സ്വന്തമാക്കിയത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ 2020 മാർച്ചിലാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. ഭരണഘടന പ്രകാരം രാഷ്ട്രപതിക്ക് 12 പ്രത്യേക മേഖലകളിൽ നിന്നുള്ള ആളുകളെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാം. ഈ അധികാരത്തിന്മേലാണ് ഗൊഗോയുടെ നിയമനം. അന്ന് പാർലമെന്റിലേക്കുള്ള ക്ഷണത്തെ വലിയ അവസരമായാണ് കാണുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമനിർമ്മാണ സഭയിൽ ജുഡീഷ്യറിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്നും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ രാജ്യസഭയിൽ ഉയർത്തുമെന്നും ഗൊഗോയ് പറഞ്ഞിരുന്നു. എന്നാൽ രാജ്യസഭാ അംഗമായി മൂന്ന് വർഷം പിന്നിട്ടിട്ടും നാളിതുവരെ ഈ വിഷയങ്ങൾ ഗൊഗോയ് സഭയിൽ ഉയർത്തിയില്ല.
ഇതുകൂടി വായിക്കൂ: ഗവര്‍ണര്‍ പദവി: പ്രത്യുപകാരവും പ്രലോഭനവും
ഇക്കാലയളവിൽ നടന്നത് എട്ട് രാജ്യസഭാ സമ്മേളനങ്ങളാണ്. ഇതിൽ ഒരു ചോദ്യം പോലും ഗൊഗോയ് ചോദിച്ചിട്ടില്ല. ചർച്ചയിൽ പങ്കെടുക്കുകയോ സ്വകാര്യ ബില്ലുകൾ കൊണ്ടുവരികയോ ചെയ്തിട്ടില്ല. മൂന്ന് വർഷത്തിൽ ശരാശരി 29 ശതമാനമാണ് അദ്ദേഹത്തിന്റെ സഭയിലെ ഹാജർ. മറ്റ് എംപിമാരുടെ ഹാജർ 79 ശതമാനമാണെന്നത് ഇതോടൊപ്പം പരിഗണിക്കണം. ഹാജർ നിലയെ കുറിച്ച് നേരത്തേവിമർശനം ഉയർന്നിരുന്നു. താൻ നാമനിർദേശം ചെയ്യപ്പെട്ട സ്വതന്ത്ര അംഗമാണ്. പാർട്ടി മെമ്പർമാരുടേതുപോലെ മണി മുഴങ്ങുമ്പോഴെല്ലാം അവിടെ പോയി ഇരിക്കേണ്ടതില്ല എന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്. വിരമിക്കലിന് മുമ്പുള്ള തീരുമാനങ്ങളെ വിരമിക്കലിന് ശേഷമുള്ള ജോലികൾ സ്വാധീനിക്കുന്നുവെന്ന് 2013ൽ ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു. അതിന്റെ തെളിവാകുകയാണ് ഈ നിയമനങ്ങള്‍.
2019 നവംബറിൽ ബാബറി മസ്ജിദ് കേസിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയും ജസ്റ്റിസുമാരായ അബ്ദുൾ നസീറും അശോക് ഭൂഷണും. അശോക് ഭൂഷൺ പിന്നീട് നാഷണൽ കമ്പനി ലോ അപ്പെല്ലറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സണായി. അയോധ്യയിൽ പുതിയ ക്ഷേത്രം നിർമ്മിക്കാൻ വഴിയൊരുക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചശേഷം രാത്രി പഞ്ചനക്ഷത്ര ഹോട്ടലിൽ ആഘോഷം നടന്നതായി രഞ്ജൻ ഗൊഗോയ് ‘ജസ്റ്റിസ് ഫോർ ദി ജഡ്ജ്’ എന്ന ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2019 നവംബർ ഒമ്പതിന് വിധി പുറപ്പെടുവിച്ചശേഷം ഡൽഹിയിലെ താജ്മാൻസിങ്ങിൽ ചൈനീസ് വിഭവങ്ങളും വിശിഷ്ടമായ വൈനും കഴിച്ച് ആഘോഷിച്ചെന്നാണ് പുസ്തകത്തിലുള്ളത്. വിധേയരായവര്‍ വിധികര്‍ത്താക്കളാകുമ്പോള്‍ എന്തായിരിക്കും വിധിയുടെ വിധി എന്ന ചിന്തയിലേക്കാണ് ഇത്തരം സ്ഥാനാരോഹണങ്ങള്‍ കണ്ണുതുറപ്പിക്കുന്നത്.