Site iconSite icon Janayugom Online

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റു

ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമൻ സെൻ 2011‑ലാണ് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. തുടർന്ന് 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്. 

വ്യവസായ‑നിയമ മന്ത്രി പി രാജീവ്, സ്പീക്കർ എ എൻ ഷംസീർ, തിരുവനന്തപുരം മേയർ വി വി രാജേഷ്, ചീഫ് സെക്രട്ടറി എ ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹൈക്കോടതി ജഡ്ജിമാരായ ദേവൻ രാമചന്ദ്രൻ, എ കെ ജയശങ്കരൻ നമ്പ്യാർ, മുൻ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ തുടങ്ങിയ നിയമരംഗത്തെ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version