പരിമിതികളെ ബാഡ‌്മിന്റൺ കോർട്ടിലെ തകർപ്പൻ പ്രകടനത്തിൽ മറികടക്കുകയാണ് ജ്യോതിഷ് എന്ന മുരിക്കുംവയലിലെ ഗവൺമെന്റ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥി. ജ്യോതിഷിന്റെ സ്വപ്നങ്ങളിൽ മുഴുവൻ ബാഡ‌്മിന്റനാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ ബാഡ്മിന്റൺ (14 വയസിന് മുകളിൽ) പങ്കെടുക്കാൻ കൊച്ചിയിലെത്തിയതാണ് ജ്യോതിഷ്. മാതാപിതാക്കളായ രജനിയും സുരേഷും സാമ്പത്തിക പരിമിതികൾക്കിടയിലും ജ്യോതിഷിന് പിന്തുണയേകുന്നു.
ഏക സഹോദരൻ ശ്യാംകുമാർ ബംഗളൂരുവിൽ ഫുട്ബോൾ കോച്ചാണ്. മുണ്ടക്കയം റോസ് കോർട്ടിൽ കൂട്ടുകാരുടെ കളി കണ്ട് നിന്ന ജ്യോതിഷിന്റെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത് പരിശീലകൻ ജാക്സൺ ആണ്. പിന്നീട് ഏഴ് മാസത്തെ കഠിന പരിശീലനം. അത് കൊണ്ടെത്തിച്ചത് സംസ്ഥാന കായികമേളയിൽ. ഫെദർ റാക്കറ്റും പ്ലാസ്റ്റിക് റാക്കറ്റും ഒരുപോലെ വഴങ്ങുന്ന ഈ താരം കൊച്ചിയിലെത്തിയത് തന്റെ പ്ലാസ്റ്റിക് റാക്കറ്റുമായാണ്.
സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ ഫെദർ റാക്കറ്റ് വാങ്ങാനും കൂടുതൽ ഉയരങ്ങളിലെത്താനും ജ്യോതിഷിനാകുമെന്നാണ് പരീശിലകന്റെ വിശ്വാസം.