പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് കെ ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയായ ‘മഞ്ചാടി’ ഘട്ടം ഘട്ടമായി മുഴുവൻ സ്കൂളുകളിലും വ്യാപിപ്പിക്കും. ആദ്യഘട്ടമെന്ന നിലയിൽ 100 സ്കൂളുകളിൽ ഈ വർഷം പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നവകേരളം കർമ്മ പദ്ധതി സംസ്ഥാനതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വലിച്ചെറിയൽ മുക്ത കേരളം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 26 മുതൽ 30 വരെ ഒറ്റത്തവണ ശുചീകരണയജ്ഞം നടത്തും. ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നത് കർശനമായി തടയണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഭൂരരഹിത‑ഭവനരഹിത ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് ലൈഫ് പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിൻ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ കരാർ വെയ്ക്കൽ, നിർമ്മാണം, പൂർത്തീകരിക്കൽ എന്നീ ഘട്ടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേരിട്ടുള്ള ഇടപെടൽ വളരെ പ്രധാനമാണ്. അവരെ അതിന് പ്രാപ്തരാക്കാൻ ലൈഫ് മിഷന് കഴിയണം. വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാനാകണം. ജനകീയ പങ്കാളിത്തം എല്ലാ ഘട്ടങ്ങളിലും ഉണ്ടാകണം. യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, വി അബ്ദുറഹ്മാൻ, വീണാ ജോർജ്, നവകേരളം കർമ്മ പദ്ധതി കോഓർഡിനേറ്റർ ടി എൻ സീമ, ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
english summury: ‘Manjadi’ scheme extended to all schools in kerala