Site iconSite icon Janayugom Online

കെ മാധവന്‍ സ്മാരക പുരസ്കാരം പ്രൊഫ. കെ എന്‍ പണിക്കര്‍ക്ക് സമ്മാനിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് — കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന കെ മാധവന്റെ സ്മരണാര്‍ത്ഥം നല്‍കിവരുന്ന നാലാമത് പുരസ്കാരം ചരിത്ര പണ്ഡിതന്‍ പ്രൊഫ. കെ എന്‍ പണിക്കര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ എന്‍ പണിക്കരെ മുഖ്യമന്ത്രി പൊന്നാടയണിച്ച് ആദരിച്ചു. 

പുരസ്കാരം ഏറ്റവും അര്‍ഹമായ കൈകളിലേക്കാണ് എത്തിച്ചേര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ പ്രമുഖരായ ചരിത്ര പണ്ഡിതന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തികളില്‍ ഒരാളാണ് പ്രൊഫ. പണിക്കര്‍. അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത് ഏറ്റവും ഔചിത്യപൂര്‍ണമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ കെ മാധവന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാല്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി പി ജോണ്‍, ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സി ബാലന്‍ സ്വാഗതവും പ്രൊഫ. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

Exit mobile version