Site iconSite icon Janayugom Online

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കത്ത് എങ്ങനെ പുറത്തായെന്നറിയില്ലെന്ന് കെ മുരളീധരന്‍

പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. ഡിസിസി ഇക്കാര്യം മുന്‍പ് സൂചിപ്പിച്ചിരുന്നതായും, എന്നാല്‍ തൃശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ ഇനി മത്സരിക്കുന്നില്ല എന്ന് താന്‍ പറഞ്ഞതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച പേര് രാഹുല്‍ മാങ്കൂട്ടത്തിലാണ്, അതനുസരിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്.ഹൈക്കമാന്‍ഡ് തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് ഫൈനലാണ്.എങ്ങനെ ഈ കത്ത് പുറത്തുവന്നു എന്ന് അറിയില്ല, കത്തിനെ കുറിച്ച് ഇനി ചര്‍ച്ച വേണ്ടെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന ഒരു നടപടിക്കും താനില്ല. കത്ത് എങ്ങനെ പുറത്തായി എന്ന കാര്യവും തനിക്കറിയില്ല. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചയാണ്.

കത്ത് പുറത്തുവന്നത് കൊണ്ട് പാലക്കാട് നെഗറ്റീവ് റിസള്‍ട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാലക്കാട് യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു. വയനാട്ടില്‍ എന്റെ സാന്നിധ്യം ആവശ്യമില്ല. വയനാട് ഞങ്ങളുടെ ദേശീയ നേതാവാണ് മത്സരിക്കുന്നത്. അതുകൊണ്ട് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.ആര് തടഞ്ഞാലും വയനാട് പോകുമെന്നും പാലക്കാട് പോകുന്നതിനെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version