Site iconSite icon Janayugom Online

കെപിസിസി പ്രസിഡന്റ് സ്ഥാനം : സുധാകരന് പിന്തുണയുമായി കെ മുരളീധരന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന് പന്തുണയുമായി മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍.കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റേണ്ടതില്ലെന്ന് അദ്ദേഹം. ഒരു മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ല. അഥവാ എക്‌സ് മാറി വൈ വരികയാണെങ്കില്‍, എക്‌സിന്റെ അത്രയെങ്കിലും മെച്ചം ഉണ്ടാകണ്ടേ. എപ്പോഴും കരുത്തന്മാര് വേണ്ടേ പാര്‍ട്ടിയെ നയിക്കാന്‍. കെ സുധാകരന് കരുത്തിനൊന്നും ഒരു ചോര്‍ച്ചയും ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. കെ മുരളീധരന്‍ വ്യക്തമാക്കി.

ഇപ്പോള്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ ഹൈക്കമാന്‍ഡാണ് പരമാധികാരി. പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡിനേക്കാള്‍ വലിയ കമാന്‍ഡില്ല. വേണമെങ്കില്‍ അഴിച്ചു പണി നടത്താം. അതിനര്‍ത്ഥം നേതൃമാറ്റമെന്നല്ല. നിലവിലുള്ള സംവിധാനത്തെ ഒന്നുകൂടി കാര്യക്ഷമമാക്കാം. നേതൃമാറ്റ ചര്‍ച്ച കോണ്‍ഗ്രസിനെ സംശയനിഴലിലാക്കുന്നു. ഇതില്‍ പൊതു ചര്‍ച്ചയുടെ ആവശ്യമില്ല മുരളീധരന്‍ പറഞ്ഞുഎല്ലാ സമയത്തും നേതൃമാറ്റ ചര്‍ച്ച, നേതൃമാറ്റ ചര്‍ച്ച എന്നു പറയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.

കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുകയാണെങ്കില്‍ അത് ചെയ്‌തോട്ടെ. ക്രൈസ്തവ സഭകളെന്നല്ല, ഒരു സഭകളും ഒന്നിലും ഇടപെട്ടിട്ടില്ല. അങ്ങനെ ഇടപെടുമെന്ന് പറയുന്നത് തന്നെ തെറ്റാണ്. അങ്ങനെ വരുമ്പോള്‍ മറ്റ് സമുദായങ്ങള്‍ ബഹളമുണ്ടാക്കില്ലേ. അങ്ങനെ സമുദായങ്ങളൊന്നും ഇതില്‍ തലയിട്ടിട്ടില്ല. സമുദായങ്ങളെ ഒന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അവരൊന്നും പാര്‍ട്ടിയിലെ ആഭ്യന്ത്ര കാര്യങ്ങളില്‍ ഇടപെടാറില്ല. കെ സുധാകരന് ആരോഗ്യപ്രശ്‌നമുണ്ടെന്ന വാദവും കെ മുരളീധരന്‍ തള്ളി. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല.

പാര്‍ലമെന്റ് അംഗമായ ഒരാള്‍ക്ക് ആരോഗ്യമില്ല എന്ന് എങ്ങനെയാണ് പറയാനാകുക.അദ്ദേഹത്തെ എംപിയായി അഞ്ചുവര്‍ഷത്തേക്കല്ലേ ജനങ്ങള്‍ തെരഞ്ഞെടുത്തത്. പുതിയ ടേമില്‍ ഒരു വര്‍ഷമല്ലേ കഴിഞ്ഞിട്ടുള്ളൂ. അപ്പോള്‍ നല്ല ആരോഗ്യമുണ്ട്. പിന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു മാത്രം ആരോഗ്യ പ്രശ്‌നമുണ്ടാകുന്നതെങ്ങനെയാണ്. എന്തെങ്കിലും ആരോഗ്യപ്രശ്‌നമുള്ളതായി അദ്ദേഹത്തിന് ഫീല്‍ ചെയ്തിട്ടില്ല. രാഷ്ട്രീയമാകുമ്പോള്‍ പല താല്‍പ്പര്യങ്ങളും കാണും. എന്നാല്‍ പാര്‍ട്ടിയുടെ താല്‍പ്പര്യം എന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ്. അതില്‍ ജയിക്കാനായി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ല. കെ മുരളീധരന്‍ പറഞ്ഞു.

Exit mobile version