Site icon Janayugom Online

വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ക്യാമ്പയിന്‍ വ്യാപിപ്പിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വിഷരഹിതമായ ഭക്ഷണം  ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷ ക്യാമ്പയിന്‍ വ്യാപിപ്പിക്കണം എന്ന്  ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ‘ജീവനം’  പദ്ധതിയുടെ ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ക രോഗം വ്യാപകമാകുന്ന കാലഘട്ടമാണിത്. ഇതിന്  ചികിത്സാചെലവ് കൂടുതലുമാണ്. ത്രിതല പഞ്ചായത്തുകള്‍ക്ക് പുറമേ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലും സഹായം നല്‍കി സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ചികിത്സാചെലവ് കുറയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്. ശുദ്ധമായ ഭക്ഷണവും വെള്ളവും ഉണ്ടെങ്കില്‍ തന്നെ പല തരത്തിലുള്ള രോഗങ്ങള്‍ തടയാന്‍ കഴിയും. ജില്ലയുടെ ജലസ്രോതസുകളുടെ ശുദ്ധീകരണത്തിനും സംരക്ഷണത്തിനും പുതിയ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് മന്ത്രി നിര്‍ദ്ദേശിച്ചു. 2021 ജനുവരി മുതല്‍ വൃക്ക മാറ്റിവെക്കപ്പെട്ട 20 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.

ജീവനം വഴി ഡയാലിസിസ് ആവശ്യമുള്ളവര്‍ക്ക് ദാരിദ്ര്യരേഖ വിഭജനം കൂടാതെ താലൂക്ക് ആശുപത്രികള്‍ മുഖേന ചികിത്സ ലഭ്യമാക്കും. സൗജന്യ നിരക്കില്‍ മരുന്ന്, വൃക്കമാറ്റിവയ്ക്കപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആസ്ഥാനമാക്കി ആരംഭിച്ച കാക്കനാടന്‍ സ്മാരക റഫറന്‍സ് ലൈബ്രററിയുടെ ഉദ്ഘടനവും മന്ത്രി നിര്‍വഹിച്ചു.

ജയന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്‍, അംഗങ്ങളായ പികെ ഗോപന്‍, വസന്ത രമേശ്, അനില്‍ എസ് കല്ലേലിഭാഗം, എന്‍ എസ്. പ്രസന്നന്‍, രാധ കാക്കനാടന്‍, ഫിനാന്‍സ് ഓഫീസര്‍ ടി.പ്രദീപ്കുമാര്‍, സെക്രട്ടറി കെ പ്രസാദ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like this video:

Exit mobile version