Site iconSite icon Janayugom Online

പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന പോലെയാണ് കേന്ദ്രം ഇപ്പോൾ വില കുറച്ചത്: കെ എൻ ബാലഗോപാൽ

ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ഇപ്പോൾ വരുത്തിയ കുറവ് പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം അധികമായി വാങ്ങിച്ചിരുന്ന 30 രൂപയിൽ നിന്നാണ് ഇപ്പോൾ അഞ്ചൂരൂപ കുറച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതിന് ആനുപാതികമായി കുറവ് വരുത്തിയിട്ടുണ്ട്. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോൾ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോൾ 1.60 രൂപയോളവും ആനുപാതികമായി കേരളത്തിൽ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുമായി ഒരുരൂപപോലും പങ്കുവെക്കേണ്ടാത്ത നികുതിയിൽ വരുത്തിയ കുറവ് മുഖം മിനുക്കാനുള്ള നടപടി മാത്രമാണ്. ഏതാനും മാസങ്ങളായി 30 രൂപയിലധികം കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതിനിയമം അനുസരിച്ചല്ല എക്സൈസ് നികുതിയിൽ ഈ വർധനവ് നടത്തിയത്. ഇതിൽ സംസ്ഥാനങ്ങൾക്ക് വിഹിതം കിട്ടില്ല. അതിൽ നിന്നാണ് ഇപ്പോൾ കുറവ് വരുത്തിയത്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതുപോലെയാണ് ഈ കുറവെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്രത്തിനു പിന്നാലെ ചില സംസ്ഥാനങ്ങളിലും നികുതി കുറച്ചുവെന്ന വാദത്തിനും മന്ത്രി മറുപടി നൽകി. കോവിഡിന്റെ കാലത്ത് നികുതി കൂട്ടാത്ത അപൂർവ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അഞ്ച് രൂപയാണ് കോവിഡ് സെസായി അസം വാങ്ങിയത്. അതിൽ നിന്നാണ് ഇപ്പോൾ അസം നികുതി കുറച്ചിരിക്കുന്നത്. കേരളത്തിൽ കോവിഡ് സെസ് ഏർപ്പെടുത്തിയിട്ടില്ല. ഇന്ധനവിലയിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: K N BALAGOPAL STATEMENT ABOUT FUEL PRICE

YOU MAY ALSO LIKE THIS VIDEO

Exit mobile version