മലയാള ഭാഷയ്ക്ക് വേണ്ടി സ്ഥിരമായ ഒരു സമരവേദി ഉണ്ടാക്കേണ്ട സാഹചര്യത്തിലൂടെയാണ് കേരളം പോകുന്നതെന്ന് എഴുത്തുകാരൻ കെ പി രാമനുണ്ണി. മാതൃഭാഷ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, മലയാളം പഠിച്ചവർ വേണം മലയാളം പഠിപ്പിക്കാൻ തുടങ്ങിയ ആവശ്യങ്ങളുമായി ഐക്യമലയാളപ്രസ്ഥാനം സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരവാരം സമാപനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരവാരമല്ല സമരവർഷം തന്നെ തീർക്കേണ്ടിവരും. അതിനായി വർഷങ്ങളോളം ഉപവാസമിരിക്കാനുള്ള സമരസഖാക്കളെ സജ്ജമാക്കേണ്ടിവരും. മലയാള ഭാഷയുടെകാര്യത്തിൽ വിനാശകരമായ അവസ്ഥയാണ് കേരളത്തിൽ. അധികാരികളും ഉദ്യോഗസ്ഥവൃന്ദവും ഇതൊന്നും കണ്ടെന്ന് നടിക്കുന്നുപോലുമില്ല. തമിഴ്‌നാട്ടിലോ മറ്റോ ആണെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ. കേരളത്തിലെ പൊതുസമൂഹംപോലും ഭാഷയുടെ കാര്യത്തിൽ ഗൗരവം കാണിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
അഷ്റഫ് കുരുവട്ടൂർ (യുവകലാസാഹിതി), ഡോ. യു ഹേമന്ത് കുമാർ (പുരോഗമന കലാ സാഹിത്യസംഘം), കെ കെ ശിവദാസൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഇ ആർ ഉണ്ണി (സംസ്കാര സാഹിതി), ), എൻ വി ബാലകൃഷ്ണൻ (ജനാധിപത്യ വേദി), അതുല്യ കെ എം (വിദ്യാർത്ഥി മലയാള വേദി) കെ എം ഭരതൻ ( മലയാള ഐക്യവേദി) തുടങ്ങിയവർ സംസാരിച്ചു.