Site icon Janayugom Online

‘ക്ഷേത്ര ചടങ്ങിൽ പൂജാരി വിളക്ക് കൊളുത്തിയ ശേഷം എനിക്ക് തരാതെ നിലത്ത് വച്ചു’; അനുഭവം പറഞ്ഞ് മന്ത്രി കെ രാധാകൃഷ്ണൻ

ക്ഷേത്രത്തിലെ പരിപാടിക്കിടെ താൻ നേരിട്ട ജാതി വിവേചനം തുറന്നുപറഞ്ഞ് പട്ടികജാതി-ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. ക്ഷേത്രച്ചടങ്ങിൽ പൂജാരി വിളക്ക് കൊളുത്തിയ ശേഷം തനിക്ക് തരാതെ നിലത്ത് വച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ വച്ചാണ് മന്ത്രിയ്ക്ക് വിവേചനം നേരിടേണ്ടി വന്നത്. കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

‘ഞാൻ രണ്ടു മൂന്ന് മാസം മുൻപ് ഉദ്ഘാടന പരിപാടിക്ക് പോയിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ പൂജാരി വിളക്ക് എന്റെ കൈയ്യിൽ തന്നില്ല, പൂജാരി തന്നെ കത്തിച്ചു.ആചാരത്തിന്റെ ഭാഗമെന്ന് കരുതി ഞാൻ മാറി നിന്നു.അതിനു ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൊടുത്തു ആയാളും കത്തിച്ചു. അതിനു ശേഷം എനിക്ക് തരുമെന്ന് വിചാരിച്ചു. എന്നാൽ പൂജാരി വിളക്ക് നിലത്തുവെച്ചു. ഞാൻ അത് എടുക്കണോ?… പോയി പണിനോക്കാൻ ഞാൻ പറഞ്ഞു. അതിന് ശേഷം ഞാൻ അവിടെ ഇത് പ്രസംഗിച്ചു. ഞാൻ തരുന്ന പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം. പൂജാരിയുടെ മുന്നിൽ തന്നെ ഞാൻ പറഞ്ഞു. ജാതിവ്യവസ്ഥ ഉണ്ടാക്കിയ ആളുകൾക്ക് മനുഷ്യനെ എങ്ങനെ വിവേചിച്ചു നിർത്തണമെന്ന കാഴ്ചപ്പാടുണ്ടായിരുന്നു’;മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനാണ് മന്ത്രിയെ ക്ഷണിച്ചതെങ്കിലും വിളക്ക് മന്ത്രിക്ക് കൈമാറാതെ പൂജാരിമാർ നിലത്ത് വയ്ക്കുകയായിരുന്നു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബീന വിളക്ക് നിലത്ത് നിന്നും എടുത്ത് മന്ത്രിയോട് ഭദ്രദീപം കൊളുത്താൻ അഭ്യർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ദീപം കൊളുത്താൻ തയ്യാറാകാതെ മന്ത്രി നിരസിക്കുകയായിരുന്നു. തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: k rad­hakr­ish­nan revealed the caste dis­crim­i­na­tion he faced
You may also like this video

Exit mobile version