Site iconSite icon Janayugom Online

കെ-റെയില്‍: സംസ്ഥാനസര്‍ക്കാരിന്റെ കട ബാധ്യത കേന്ദ്രം ഏറ്റെടുക്കില്ല

കെ റെയില്‍ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന് അറിയിച്ച് കേന്ദ്രം. പ്രതിദിന യാത്രക്കാർ 79,000 എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും കെ റെയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ റയിൽവേ അഭിപ്രായപ്പെട്ടു. കെ-റെയിലിനു ആവശ്യമായി എടുക്കുന്ന കടം പൂർണമായും സംസ്ഥാനം തന്നെ വീട്ടുമെന്ന് ഉറപ്പാക്കണമെന്നും റയിൽവേ ആവശ്യപ്പെട്ടതായും യോഗത്തില്‍ വിശദമാക്കുന്നു. പദ്ധതിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരീകരിച്ചതായി യോഗത്തിൽ റെയിൽബോർഡ് ചെയർമാൻ പറഞ്ഞു.

പദ്ധതിയുടെ കാര്യത്തിൽ കുറെ പുരോഗതിയുണ്ടെന്ന് മുൻ ചെയർമാൻ സുനീത് ശർമ്മ പറഞ്ഞതായി മിനുട്ട്സിലുണ്ട്. എന്നാൽ പദ്ധതി ചിലവ്, യാത്രക്കാരുടെ എണ്ണം, കടമെടുക്കുന്നതിന്‍റെ വഴി, കേന്ദ്ര സഹായം എന്നിവയിൽ ധാരണയില്ലെന്ന് മിനുട്ട്സ് വ്യക്തമാക്കുന്നു. 63,000 കോടിയിലധികം ചിലവ് വരും എന്ന കേരളത്തിന്‍റെ കണക്ക് റെയിൽവേ ബോർഡ് ഫിനാൻസ് മെമ്പർ യോഗത്തിൽ ചോദ്യം ചെയ്തു.

2020 മാർച്ചിലെ സാഹചര്യം അനുസരിച്ചാണ് ഇത് കണക്കാക്കിയത്. യഥാർത്ഥ ചിലവ് എന്താകും എന്നത് പുതുക്കി നിശ്ചയിക്കണം എന്ന് റെയിൽവേ നിർദ്ദേശിച്ചു. 79,000 യാത്രക്കാർ ഒരു ദിവസം ഉണ്ടാകും എന്നത് ശുഭാപ്തി വിശ്വാസമാണ്. യാഥാർത്ഥ്യ ബോധത്തോടെ ഇക്കാര്യം പഠിക്കണം.

റെയിൽവേയുടെ യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്ന് കേരളം പറയുമ്പോൾ റെയിൽവേയുടെ വരുമാനത്തെ അതെത്ര ബാധിക്കും എന്ന പരിശോധനയും വേണം. റെയിൽവേയ്ക്ക് ധനസഹായം നൽകാനാവില്ല. ഭൂമി നൽകാനേ കഴിയൂ എന്ന് കേന്ദ്രം വ്യക്തമാക്കി. റെയിൽവേ ആകെ 2150 കോടിയുടെ നിക്ഷേപം നടത്തിയാൽ മതിയെന്നും ഇത് ഫണ്ടിംഗ് ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും ആത്മവിശ്വാസം കൂട്ടുമെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞതായും മിനിട്ട്സിലുണ്ട്. റെയിൽവേയുടെ സംശയങ്ങൾക്ക് ഓരോന്നിനും കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നാണ് കെ റെയിൽ ഉദ്യോഗസ്ഥരുടെ പ്രതികരണം.

Eng­lish Sum­ma­ry : K‑Rail: The Cen­ter will not take over the debt of the State Government

you may also like this video

Exit mobile version