Site iconSite icon Janayugom Online

കെ റയില്‍: കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കോടതിയെ ഇരുട്ടിൽ നിർത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പദ്ധതിയിൽ കേന്ദ്രം നിലപാട് അറിയിക്കണം. തിടുക്കം കാട്ടരുതെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം സർവേ തുടരാന്‍ കോടതി അനുമതി നല്‍കി.

സിൽവർ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിയമപ്രകാരം സർവേ നടത്തുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ കോടതി കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി. ഈ വിലക്കു നീക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

സിൽവർ ലൈനിനു വേണ്ടി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റയിൽവേ മന്ത്രാലയം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ല. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്ന് റെയിൽവേ സ്റ്റാൻഡിങ് കൗൺസൽ കോടതിയെ അറിയിച്ചു. പദ്ധതിക്ക് നൽകിയിട്ടുള്ളത് പ്രാഥമിക അനുമതിയാണെന്നും റയിൽവേ വ്യക്തമാക്കി.

റയിൽവേ ആക്ട് പ്രകാരം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമാണ് സ്പെഷൽ റെയിൽവേ പദ്ധതികൾക്കായി സർവേ നടത്താൻ കഴിയു എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാറാണ് പുറപ്പെടുവിക്കേണ്ടത്.

Eng­lish Sum­ma­ry: K Rail: The High Court asked the Cen­ter to clar­i­fy its position

You may like this video also

Exit mobile version