Site iconSite icon Janayugom Online

കെ റൈസ്: അടിസ്ഥാനരഹിത പ്രസ്താവനയുമായി പി കെ കൃഷ്ണദാസ്

KriceKrice

സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന കെ റൈസ് വാങ്ങിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ പ്രസ്താവന അടിസ്ഥാനരഹിതം. ഒരു പൊതുമേഖലാസ്ഥാപനം സ്വീകരിക്കേണ്ട എല്ലാ നിയമപരമായ നടപടികളും പാലിച്ചാണ് സപ്ലൈകോ ഫെബ്രുവരി 29 ന് ഇ ടെൻഡറിലൂടെ അരി വാങ്ങാൻ തീരുമാനിച്ചത്. കെ റൈസിനായുള്ള മട്ട അരി, ജയ അരി, കുറുവ അരി എന്നിവയുടെ ടെൻഡറിൽ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാപനങ്ങൾ പങ്കെടുത്തു. ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയ സ്ഥാപനത്തിനാണ് ടെൻഡർ നൽകിയത്. 

സഞ്ചിവാങ്ങിയതിന് എട്ട് കോടി രൂപ പാഴാക്കിയെന്നതാണ് മറ്റൊരു ആരോപണം. ആദ്യഘട്ടം സഞ്ചി വാങ്ങിയ ഇനത്തിൽ നാല് ലക്ഷം രൂപ മാത്രമാണ് ചെലവായത്. ഇപ്പോൾ സഞ്ചി ഉപയോ​ഗിക്കുന്നുമില്ല. റേഷൻ കടകൾ വഴി 10.90 രൂപയ്ക്ക് നൽകിയ പച്ചരിയാണ് ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നത്. പൊതുവിപണിയിൽ 45 മുതൽ 50 രൂപ വരെയുള്ള അരിയാണ് 30 രൂപയ്ക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് വരെ 2.40 ലക്ഷം കാർഡുടമകളാണ് കെ റൈസ് വാങ്ങിയത്. 12 ലക്ഷം കിലോ കെ റൈസ് വിതരണം ചെയ്തു.
റേഷൻ വിഹിതമായി ജനങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സംവിധാനത്തിലുടെയാണ് മുൻകാലങ്ങളിലെല്ലാം വിതരണം നടത്തിയിട്ടുള്ളത്. 

അതിന് വിപരീതമായി എല്ലാവർക്കും അരി ലഭ്യമാക്കുന്നുണ്ടോ എന്ന് പോലും ഉറപ്പാക്കാതെയാണ് കേന്ദ്രം ഭാരത് റൈസ് വിതരണം ചെയ്യുന്നത്.
കേന്ദ്ര സർക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളതിനാലാണ് കൃഷ്ണദാസ് അടിസ്ഥാന രഹിത ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. റേഷൻ കടകൾ വഴി 10. 90 രൂപയ്ക്ക് നൽകിയിരുന്ന പച്ചരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്ര സർക്കാർ 29 രൂപയ്ക്ക് വിൽക്കുന്നതിന്റെ ജാള്യത മറയ്ക്കാനാണ് ആരോപണമുയർത്തിയിരിക്കുന്നത്. സത്യം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: K Rice: PK Krish­nadas with base­less statement

You may also like this video

Exit mobile version