ഞങ്ങളുടെ നാട്ടില്‍ ഒരു പയ്യനുണ്ട്. തികഞ്ഞ അന്തര്‍മുഖന്‍. ആരോടും അങ്ങനെയങ്ങ് മിണ്ടാറും പറയാറുമില്ല. മിണ്ടിയാലോ അത് അബദ്ധക്കുളത്തിലേക്ക് ചാടലുമാകും. എന്തെല്ലാം, ഏതെല്ലാം സമയത്തു പറയണം എന്നറിയാത്ത ഒരു വിഡ്ഢികുശ്മാണ്ഡം. ചെക്കനെ ഒടുവില്‍ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് ഭാര്യാവീട്ടില്‍ വിരുന്നിനു പോകുന്നതിനു മുമ്പ് സഹോദരിമാര്‍ അയാള്‍ക്ക് തത്തയ്ക്ക് ബുദ്ധിഉപദേശം നല്കുന്നപോലെ സംസാര നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊടുത്തു. ദെെവത്തെയോര്‍ത്ത് മിണ്ടാതിരുന്നാലും വേണ്ടില്ല. വര്‍ത്തമാനം പറഞ്ഞ് അലമ്പാക്കരുത്. എല്ലാം മൂളിക്കേട്ട പയ്യന്‍ വിരുന്നിന് ഭാര്യാഗൃഹത്തിലെത്തി. ആരോടും മിണ്ടാതെ മണവാളന്‍. ഇതിനിടെ വിരുന്നൊരുക്കുന്ന തിരക്കിനിടെ അമ്മായിയമ്മ വീടിനുപുറത്തെ മറപ്പുരയിലേക്കോടി. പയ്യന്‍ അമ്മായിയമ്മയോട് സംസാരിക്കാന്‍ ഇതുതന്നെ തക്കസന്ദര്‍ഭമെന്ന് കരുതി മറപ്പുരയ്ക്ക് പിന്നിലെത്തി. മൂത്രമൊഴിക്കുന്ന അമ്മായിയോട് ഒരൊറ്റ ചോദ്യം; ‘അമ്മായിയമ്മ മൂത്രമൊഴിക്കുകയാണോ!’ നമ്മുടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ പയ്യന്റെ പുനരവതാരമാണെന്ന് തോന്നിപ്പോവുന്നു. ഉണര്‍ന്നിരിക്കുമ്പോഴൊക്കെ ചിലച്ചുകൊണ്ടേയിരിക്കും. എന്തുപറഞ്ഞാലും അലോസരപ്പെടുത്തുന്ന വിവാദമായി മാറും. ഒരിക്കല്‍ പറഞ്ഞു, ആര്‍എസ്എസ് ശാഖ നടക്കുമ്പോള്‍ സിപിഎമ്മിന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്കാന്‍ താന്‍ ഗുണ്ടാപ്പടയെ അയച്ചുവെന്ന്. അത് പച്ചക്കള്ളമെന്ന് ആര്‍എസ്എസ്. ഇങ്ങേര് ഗുണ്ടാപ്പടയെ അയച്ചുവോ എന്ന് ആരെങ്കിലും ചോദിച്ചുവോ എന്ന് നാട്ടാര്‍. ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് നെഹ്രു കൂട്ടുനിന്നുവെന്ന് ഒരിക്കല്‍ പറഞ്ഞ് അക്കിടിപറ്റി. താന്‍ സംഘടനാ കോണ്‍ഗ്രസുകാരനായിരുന്നപ്പോഴാണ് ഇതെല്ലാം പറഞ്ഞതെന്നായി വിശദീകരണം. വിശദീകരണത്തില്‍പോലും വിഡ്ഢിത്തം. സംഘടനാ കോണ്‍ഗ്രസുകാരനായാല്‍ നെഹ്രുവിനെ ഫാസിസ്റ്റ് ഒക്കച്ചങ്ങാതി എന്ന് വിളിക്കാനുള്ള ലെെസന്‍സായത്രെ. തനിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ ഹെെക്കമാന്‍ഡില്‍ പരാതി നല്കിയെന്ന വാര്‍ത്ത കണ്ടയുടനെ പ്രതികരണം-താന്‍ രാജിവയ്ക്കില്ല, എംപിമാര്‍ തനിക്കെതിരെ കത്തെഴുതിയിട്ടുമില്ല. സാധാരണ നാട്ടുനടപ്പനുസരിച്ച് ഇതെല്ലാം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാല്‍ പോരായിരുന്നോ. അതല്ലാതെ അമ്മായി മൂത്രമൊഴിക്കുകയാണോ എന്ന മട്ടില്‍ വായതുറന്ന് നാണംകെടണമായിരുന്നോ. സുധാകരന്റെ വികടസരസ്വതി മാറണമെങ്കില്‍ കാക്ക മലര്‍ന്ന് പറക്കണം.
ഏത് പന്തല്‍ കണ്ടാലും അത് കല്യാണപ്പന്തല്‍ എന്ന ഒരു പഴയ സിനിമാഗാനമുണ്ട്. അതുപോലെയാണിപ്പോള്‍ ബിജെപിക്കാര്‍. ഏത് കോലം കണ്ടാലും അത് നരേന്ദ്രമോഡി, ഏത് കാവി കണ്ടാലും അത് ബിജെപി വര്‍ണം എന്ന മട്ടിലുള്ള പേറ്റന്റവകാശ വര്‍ണന. ഈയിടെ തൃശൂരിലെങ്ങാണ്ട് ഒരു യുവതി കിണറ്റില്‍ ചാടിമരിച്ചു. പേര് സ്വപ്ന. മരിച്ച സ്വപ്ന ഗര്‍ഭിണിയാണെന്ന വാര്‍ത്തയാല്‍ മാധ്യമങ്ങള്‍ താലോലമാടി. താന്‍ ഗര്‍ഭിണിയല്ലെന്നും തന്റെ ഗര്‍ഭം ഇങ്ങനെയല്ലെന്നും പറഞ്ഞ് ഏതെങ്കിലും സ്വപ്ന നിഷേധ പ്രസ്താവന നടത്തിയോ. പീഡനവാര്‍ത്തകള്‍ വരുമ്പോഴെല്ലാം ആ പീഡനം തനിക്കെതിരെയാണെന്ന് ആരും അവകാശപ്പെട്ടിട്ടില്ലല്ലോ! പക്ഷെ അതൊന്നും അനുകരണീയ മാതൃകകളാക്കാന്‍ ബിജെപി തയ്യാറല്ല; ഏത് ഷാപ്പ് കണ്ടാലും അത് ചാരായ ഷാപ്പ് എന്ന മട്ട്. കാവിക്കോണകം പോലും മറ്റാരും ഉടുക്കരുത്. കൊച്ചിയില്‍ പുതുവത്സര രാത്രിയില്‍ കത്തിയമര്‍ന്ന പാപ്പാഞ്ഞിയുടെ കൂറ്റന്‍ പ്രതിമയുടെ മുഖത്തിന് മോഡിയുടെ ‘മുഖലാവണ്യ’ത്തോട് സാമ്യമുണ്ടെന്ന് പറഞ്ഞ് ബിജെപിക്കാരുണ്ടാക്കിയ അലമ്പിന് കണക്കില്ല. ഒടുവില്‍ ശില്പികള്‍ മുഖം മാറ്റിയെന്ന് വരുത്തിയപ്പോള്‍ പാപ്പാത്തിക്ക് താടി നീട്ടിവളര്‍ത്തിയ മോഡിയോട് സാമ്യം. പക്ഷെ ബിജെപിക്കാര്‍ക്ക് പരാതിയില്ല. വെട്ടിയൊതുക്കിയ താടിയുള്ള മോഡിയുടെ മുഖം അരുതെന്നേയുള്ളു. ഇതെല്ലാം കാണുമ്പോള്‍ മോഡിയുടെ മോന്തയ്ക്ക് ശത്രുഘ്നന്‍സിന്‍ഹയുടെ മുഖകാന്തിയാണെന്ന് തോന്നിപ്പോകും. സംഘപരിവാര്‍ ബ്രാന്‍ഡ് കൗപീനം എന്നൊന്നുണ്ടൊ. ഉണ്ടെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. കാവിനിറത്തിലുള്ള കോണകമോ ഷഡ്ഡിയോ ആരും ധരിക്കരുത്. ഷാരൂഖ്ഖാന്റെ പഠാന്‍ സിനിമയില്‍ വീരശൂര പരാക്രമികളായ മുസ്ലിം പഠാന്‍ സമുദായത്തെ അപമാനിക്കുന്നുവെന്നു പറഞ്ഞ് ബിജെപിക്കാര്‍ പോര്‍ക്കളത്തിലിറങ്ങി. കളി ഏശുന്നില്ലെന്നായപ്പോള്‍ മാറ്റിപ്പിടിച്ചു. നായിക ദീപികാ പദുകോണ്‍ അണിഞ്ഞിട്ടുള്ള അടിവസ്ത്രം കാവിയാക്കിയത് ബിജെപിയെ അധിക്ഷേപിക്കാനെന്നായി വാദം. ബ്രിട്ടീഷുകാര്‍ മറ്റൊന്നും പറയാനില്ലാതെ വരുമ്പോള്‍ കാലാവസ്ഥയെക്കുറിച്ചാവും പറയുന്നതെന്ന് ഒരു ചൊല്ലുണ്ട്. ഇവിടെ ബിജെപിക്കാരാവട്ടെ മറ്റൊന്നും പറയാനില്ലാതെ വന്നപ്പോള്‍ കയറിപ്പിടിച്ചത് ദീപികാപദുകോണിന്റെ അണ്ടര്‍വെയറിലും! എന്തായാലും ദീപിക കാവിക്കോണകമണിഞ്ഞ ഗാനരംഗം മാറ്റി പുതിയ പതിപ്പ് ഹാജരാക്കണമെന്ന് കേന്ദ്ര സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നു.
ഇതുകൂടി വായിക്കൂ:തമ്മിലടിച്ച് മുടിയുന്ന കോണ്‍ഗ്രസ്
ഇനി പുതിയ പതിപ്പിറക്കുമ്പോള്‍ എന്തെല്ലാം ഗുലുമാലുകളുണ്ടാവുമെന്ന് കണ്ടറിയണം. സിപിഐ നേതാവും ‘ജനയുഗം’ പത്രാധിപരും നിയമസഭാംഗവും എഴുത്തുകാരനുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്‍ പിഎസ്‌സി അംഗമായിരുന്നപ്പോള്‍ നടത്തിയ അഭിമുഖങ്ങളെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു. കൊടിയ ദാരിദ്ര്യദുഃഖവും അവകാശപ്പോരാട്ടങ്ങള്‍ക്കിടെ അവര്‍ണനീയമായ മര്‍ദനങ്ങളും അനുഭവിച്ചിട്ടുള്ള സഖാവ്. മറ്റുപല മെമ്പര്‍മാരെയും പോലെ ചന്ദനപ്പള്ളിയില്‍ നിന്ന് ചന്ദ്രനിലേക്ക് എത്ര ദൂരമുണ്ട്, ചൊവ്വരയില്‍ നിന്ന് ചൊവ്വയിലേക്ക് എത്രയാണ് ദൂരം എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും അദ്ദേഹം ചോദിക്കാറില്ല. ഒരു ദിവസം ഇന്റര്‍വ്യൂവിന് ഒരു പെണ്‍കുട്ടി അദ്ദേഹത്തിന് മുന്നില്‍ ഹാജരായി. അഭിമുഖത്തിനെത്തിയ യുവതിയുടെ ബ്ലൗസ് അങ്ങിങ്ങ് കീറിപ്പറിഞ്ഞത് കുത്തിത്തയ്ചാണ് ധരിച്ചിരിക്കുന്നത്. വീട്ടില്‍ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് അവള്‍ മറുപടി നല്കി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. താനാണ് മൂത്തയാള്‍. സഹോദരങ്ങളെല്ലാം പഠിക്കുന്നു. രോഗിണിയായ അമ്മ കിടപ്പിലാണ്. അച്ഛന്‍ നേരത്തെ മരിച്ചു. വീടുപോലുമില്ല. ഒറ്റമുറി ചായ്പിലാണ് കഴിയുന്നത്. താന്‍ പകല്‍നേരം വീട്ടുവേല ചെയ്തും വെെകിട്ട് ട്യൂഷനെടുത്തുമാണ് കുടുംബം പോറ്റുന്നത്. അത് അന്നത്തെ സ്ഥിതി. ഇന്നാണെങ്കിലോ. പല്ലുന്തിയതിന്റെ പേരില്‍ അട്ടപ്പാടിയിലെ മുത്തു എന്ന ഗോത്രവര്‍ഗ യുവാവിന് ജോലി നിഷേധിക്കുന്നു. ഉന്തിയ പല്ല് നേരെയാക്കാന്‍ കാല്‍ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തണം. അന്നന്നത്തെ അന്നത്തിന് വകയില്ലാത്തവനെവിടെ ഇതിന് പണം. കാട്ടില്‍ കടുവയെ തുരത്താനും ആനയെ വിരട്ടാനുമുള്ള പണിക്ക് ഉന്തിയ പല്ലായാല്‍ എന്ത് ദോഷമെന്ന് ഒന്നു പറഞ്ഞുതരുമോ…