Site iconSite icon Janayugom Online

ജീവിതം മടുത്താല്‍ കെ സുധാകരന്‍ ചന്ദ്രനിലേക്കോ സംഘ്പരിവാറിലേക്കോ?

മിണ്ട്യാ പൊറോട്ടയാണല്ലോ എന്ന് പറ‍ഞ്ഞപോലെയാണ് കെ സുധാകരന്‍ വാ തുറന്നാലത്തെ സ്ഥിതി. മോന്‍സണ്‍ മാവുങ്കലും അയാളുടെ പുരാവസ്തു തട്ടിപ്പുമായും ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ് കെ സുധാകരന്‍. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമാണെന്ന് രാഹുല്‍ ഗാന്ധി മുതല്‍ കേരളത്തിനപ്പുറത്തുള്ള സകല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്ന എന്‍ഫോഴ്സുമെന്റ് ഡയറക്ടേറ്റ് (ഇഡി) ഇന്നലെയും സുധാകരനെ വിളിപ്പിച്ചിരുന്നു. ഇതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സുധാകരനോട് മാധ്യമങ്ങള്‍ ചോദ്യങ്ങളുന്നയിച്ചു. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം മറുപടിയും നല്‍കി. എല്ലാം മുഖ്യമന്ത്രിയില്‍ പൊതിഞ്ഞുള്ളത്. അതാണല്ലോ രീതി. മിണ്ടുന്നതേ മുഖ്യമന്ത്രിക്കെതിരെ പറയാനല്ലേ.

ഈ മുഖ്യമന്ത്രിയുടെ നാട്ടില്‍ ജീവിക്കാതിരുന്നെങ്കിലെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നതായാണ് സുധാകരന്റെ മറുപടികളിലെ ഏറ്റവും കിടിലന്‍. കെപിസിസി പ്രസിഡന്റിന് ജീവിതം മടുത്തിരിക്കുന്നു. പാര്‍ട്ടിയിലും പുറത്തും ഒരു വിലയുമില്ലാത്തതാണ് യഥാര്‍ത്ഥ കാരണം. അങ്ങനെ പറയുന്നതില്‍ ഒരു സുഖവുമില്ലെന്നതിനാല്‍ സുധാകരന്റെ മടുപ്പിന്റെ പ്രേരണ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തട്ടിവിടുന്നു. വിവരമില്ലാത്ത, ഗതികെട്ട മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നാണ് ഒരു പഞ്ചിനുവേണ്ടി സുധാകരന്‍ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം പറഞ്ഞ് സുധാകരന്‍ എവിടെ പോകും? ചന്ദ്രനിലേക്കോ, അതോ സംഘ്പരിവാറിലേക്കോ?

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത് എന്ത് വൃത്തികേടാണെന്നാണ് സുധാകരന്റെ മറ്റൊരു പ്രസ്താവന. ഒരു സേവനവും നല്‍കാതെ എല്ലാ മാസവും പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റായ എന്തോ ഉണ്ടെന്നും കൂട്ടത്തില്‍ സുധാകരന്‍ പറയുന്നു. അത് മാസപ്പടിയും പിണറായിയും തമ്മിലുള്ള പ്രശ്നം. എന്നാല്‍ സോളാറിന്റെ കാര്യത്തില്‍ സുധാകരന്‍ ഇനം വേറെയാ. മുഖ്യമന്ത്രിയും ഇടതുപക്ഷ എംഎല്‍എമാരും നിയമസഭയില്‍ പറഞ്ഞ നിലപാടാണ് സുധാകരന് ഇക്കാര്യത്തിലുള്ളത്. ഇനിയങ്ങോട്ട് കോണ്‍ഗ്രസിനകത്തും ഉയര്‍ന്നേക്കാവുന്ന ശക്തമായ ചോദ്യമായിരിക്കും, ഈ സോളാര്‍ കേസ് ഇപ്പോഴങ്ങനെ വിവാദമായി? എന്തിനാണ് ഇപ്പോഴത് എടുത്തുകാട്ടി ബഹളമുണ്ടാക്കുന്നത്? ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയില്‍ പോലും സോളാര്‍ ചര്‍ച്ചയാവുമെന്നാണ് കേള്‍ക്കുന്നത്. തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കപ്പെട്ടതിലും ഗൂഢാലോചന ഉണ്ടോ എന്നാണ് നേതാക്കളില്‍ ചിലരുടെ സംശയം. സുധാകരന്‍ തന്നെ ഇക്കാര്യം ചര്‍ച്ചയാക്കിയേക്കുമെന്നും കേള്‍ക്കുന്നു.

സോളാര്‍ കേസ് കഴിഞ്ഞുപോയതാണെന്നും അതെല്ലാം അയവിറക്കി അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നുമാണ് ഇന്നലെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അത് തന്നെയാണ് നിയമസഭയില്‍ പ്രതിപക്ഷത്തോട് ഭരണപക്ഷവും ചോദിച്ചതും. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, സഹോദരിയെയും ബന്ധുക്കളെയും അടുപ്പക്കാരെയും ഗ്യാലറിയിലിരുത്തി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ സോളാര്‍ കുത്തിപ്പൊക്കിയതിനെ വൈകാരികമായി കാണുന്നവരും ഉണ്ട്. കേസിന്റെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന സുധാകരന്റെ മറ്റൊരു നിലപാടും പൊരുത്തക്കേടുണ്ടാക്കുന്നു. ഗൂഢാലോചനയുടെ പിന്നില്‍ ആരണെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ജനങ്ങള്‍ക്കുള്ളിലുള്ള സങ്കല്‍പങ്ങള്‍ മാറ്റിയെഴുതാന്‍ അത് കാരണമാകുമെന്നുമാണ് സുധാകരന്റെ മറ്റൊരു നിലപാട്. ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് ശാന്തിപകരാന്‍ അന്വേഷണം സഹായകരമാകുമെന്നും കെപിസിസി പ്രസിഡന്റ് പറയുന്നു.

എന്നാല്‍ നിയമസഭയില്‍ താന്‍ വലതുകാല്‍ വച്ച് കയറിയ ദിവസം തന്നെ സ്വന്തം പിതാവിന്റെ സോളാര്‍ ബന്ധങ്ങള്‍ തന്റെ കാതുകളിലും സഭാ രേഖകളിലും എത്തിക്കാന്‍ കിണഞ്ഞുപരിശ്രമിച്ച സഹപ്രവര്‍ത്തകരെ പഠിക്കാന്‍ ചാണ്ടി ഉമ്മന് കഴിഞ്ഞിരിക്കുന്നു. സുധാകരന്‍ പറഞ്ഞതുപോലെ ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ വീണ്ടുമൊരു അന്വേഷണം കൂടി വരുന്നത് സഹായകമാകുമോ? അതോ നിത്യസ്മരണയായി സോളാര്‍ കവിതകളും കഥകളും മകന്റെ കാതടപ്പിക്കുമോ? കാത്തിരുന്നുകാണാം.

Eng­lish Sam­mury: K Sud­hakaran Solar, Mas­ap­pa­di sub­ject

Exit mobile version