നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കോഴ നൽകിയ കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാകും. ഇതുസംബന്ധിച്ച് അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് ബിജെപി നേതാക്കൾ 35 ലക്ഷംരൂപ കോഴ നൽകിയ കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയത്. ഫോറൻസിക് പരിശോധനയുടെ ഒരു ഫലംകൂടി ലഭിച്ചാല്‍ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷക സംഘത്തിന്റെ തീരുമാനം.
കേസിൽ സി കെ ജാനു രണ്ടും വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയലിൽ മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാനാണ് സി കെ ജാനുവിന് കോഴ നൽകിയത്. കേസിൽ അന്വേഷണ സംഘത്തിന് തെളിവായ ഫോൺ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേതാണെന്ന ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.
ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോൺ സംഭാഷണമാണ് ഫോറൻസിക് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബത്തേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പരിശോധനയിലാണ് ശബ്ദം സുരേന്ദ്രന്റേതാണെന്ന് തെളിഞ്ഞത്.
English Summary:K Surendran will be the first accused in the election corruption case
You may also like this video