Site iconSite icon Janayugom Online

കെ വി രാമനാഥൻ — കൈരളിയെ പ്രണയിച്ച മഹാപ്രതിഭ

അധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ ഏത് പേരിനെയും അന്വര്‍ത്ഥമാക്കുന്ന ജൈവ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു തിങ്കളാഴ്ച രാത്രി വിടപറഞ്ഞ കെ വി രാമനാഥന്‍. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത് സമഗ്രവും സമ്പൂർണവുമായ സംഭാവനയാണ് മാസ്റ്ററിൽ നിന്ന് കൈരളിക്ക്, പ്രത്യേകിച്ച് ബാലസാഹിത്യശാഖയ്ക്ക് ലഭിച്ചിട്ടുള്ളത് എന്നതുകൊണ്ടുതന്നെയായിരുന്നു. കുട്ടികളെ ഇത്രമാത്രം സ്നേഹിച്ച, അവർക്ക് കഥകൾ പറഞ്ഞുകൊടുത്ത് വളർത്തി വലുതാക്കിയ സ്വന്തം സ്കൂളിനെ ഇത്രയേറെ പ്രണയിച്ച, മറ്റൊരധ്യാപകൻ ഉണ്ടാവാൻ ഇടയില്ല. ഇരിഞ്ഞാലക്കുടയിലെ നാഷണൽ സ്കൂളിൽ 1951 ൽ അധ്യാപകനായി ചേർന്നത് മുതൽ 1987ൽ പ്രഥമാധ്യാപകനായി വിരമിക്കുന്നതുവരെ അദ്ദേഹം അധ്യാപനത്തെ ഒരു ലഹരിയായി അനുഭവിക്കുകയായിരുന്നു. കുട്ടികൾക്കും മാസ്റ്റർ പലപ്പോഴായി പറഞ്ഞുകൊടുത്ത ഒരായിരം കഥകളും ഒരു ലഹരി തന്നെയായിരുന്നു. ആ ലഹരിയിൽ മുങ്ങിമയങ്ങുകയായിരുന്നു മാസ്റ്ററും കുട്ടികളും, എന്തിനേറെ പറയുന്നു നാഷണൽ സ്കൂൾ പോലും. ശിഷ്യഗണങ്ങളിൽപ്പെട്ട ഐഎസ്ആർഒ ചെയർമാനായിരുന്ന കെ രാധാകൃഷ്ണനും, പ്രശസ്ത ഗായകൻ പി ജയചന്ദ്രനും ഡോ. വി പി ഗംഗാധരനും ആനന്ദുമൊക്കെ ആ അനുഭവങ്ങൾ അയവിറക്കുമ്പോൾ പറയുന്നതും ഇതുതന്നെയാണ്. “എന്നെ ഞാനാക്കിയത് രാമനാഥൻ മാസ്റ്ററാണെന്നാണ്” ഇവരൊക്കെ പറയാറുണ്ടായിരുന്നത്.

വിദ്യാർത്ഥികളോടുള്ള ഇടപെടലാണ് എന്നെ ഞാനാക്കിയത്” എന്ന് മാസ്റ്ററും പറയുമായിരുന്നു. ഇങ്ങനെ ഇഴചേർന്നൊരു ബന്ധം വേറെയെവിടെയെങ്കിലും കാണാൻ കഴിയുമോ എന്ന് സംശയമാണ്. 1987 ലാണ് മാസ്റ്റർ അധ്യാപനവൃത്തിയിൽ നിന്ന് റിട്ടയർ ചെയ്തത്. “വേദന തിങ്ങിയ കരളുകളേ, തെളിയുന്നു പുതിയൊരു പുലരി” എന്നദ്ദേഹം അന്നൊരു കവിതയെഴുതി, പ്രിയശിഷ്യനായ ജയചന്ദ്രൻ ആ ഗാനം പാടിയത് വല്ലാത്ത ഒരു അനുഭവമായിരുന്നു മാസ്റ്റർക്കെന്ന് അദ്ദേഹം തന്നെ എവിടെയോ കുറിച്ചുവച്ചത് ഓർക്കുന്നു. ജയചന്ദ്രനും, ആനന്ദിനും, രാധാകൃഷ്ണനും, ഡോ. ഗംഗാധരനുമൊക്കെ മാസ്റ്ററെക്കുറിച്ച് പറയാൻ നൂറു നാക്കാണ്. ആയിരം വാക്കാണ് — അതങ്ങനെയല്ലാതാവാനും തരമില്ലല്ലോ. അധ്യാപനത്തിന്റെ ആത്മാർത്ഥതയ്ക്കും, തിരക്കുകൾക്കുമിടയിലും ഇരുപതിലധികം ബാലസാഹിത്യ കൃതികൾ എഴുതാൻ അദ്ദേഹം സമയം കണ്ടെത്തി. കുട്ടികളുടെ ശാകുന്തളവും, അജ്ഞാതലോകവും, രാജുവും റോണിയും, അപ്പുക്കുട്ടനും ഗോപിയും, ആമയും മുയലും ഒരിക്കൽ കൂടിയും, കണ്ണീർ മുത്തുകളും, വിഷവൃക്ഷവും, മുന്തിരിക്കുലയുമൊക്കെ അവയിൽ ചിലത് മാത്രം. ഏറെ പ്രശസ്തി നേടിയ കൃതികളാണ് അത്ഭുതവാനരന്മാരും അത്ഭുത നീരാളിയും, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെയും, സാഹിത്യ പരിഷത്തിന്റെയും, ഭീമ സ്മാരകത്തിന്റെയും അവാർഡുകൾ പലപ്പോഴായി അദ്ദേഹത്തെ തേടിയെത്തി. എങ്കിലും, രാമനാഥൻ മാസ്റ്ററെ ഒരു ബാലസാഹിത്യകാരൻ മാത്രമായി ഒതുക്കാൻ ആർക്കും കഴിയില്ല.


ഇതുകൂടി വായിക്കൂ: ഡോ. വി വി വേലുക്കുട്ടി അരയൻ, കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ നവോത്ഥാന നായകൻ


സ്ഥിരപ്രതിഷ്ഠ നേടിയ ഒരു മഹാസാഹിത്യകാരനായിരുന്നു അദ്ദേഹം. പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ തുടങ്ങിയ നോവലുകളും ബാലസാഹിത്യത്തിന്റെ ഉത്ഭവവും വളർച്ചയും എന്ന ഗവേഷണ ഗ്രന്ഥവും ഓർമ്മയിലെ മണിമുത്തുകളും പറന്നുവന്ന കഥകളുമൊക്കെ അദ്ദേഹത്തിലെ വലിയ സാഹിത്യകാരന്റെ നിതാന്ത സ്മരണകളായി നിലനിൽക്കുന്നു. സമകാലികങ്ങളിൽ പലപ്പോഴായി അദ്ദേഹം എഴുതിയിട്ടുള്ള ഓർമ്മക്കുറിപ്പുകളും മറ്റു ലേഖനങ്ങളും അതിന്റെ മറ്റൊരു സാക്ഷ്യപത്രവുമാണ്. രാമനാഥനെക്കുറിച്ച് ആദ്യം കേൾക്കുന്നത് സി അച്യുതമേനോനിൽ നിന്നാണ്. തൃശൂരിൽ കോട്ടപ്പുറത്തുള്ള ചേലാട്ട് വീട്ടിൽ അച്യുതമേനോനെ കാണാൻ ചെന്നപ്പോഴായിരുന്നു അത്. ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടുപേർ അച്യുതമേനോനെ ഒരു ചടങ്ങിൽ വിളിക്കാനെത്തിയിരുന്നു.

“എനിക്ക് അന്ന് ഒഴിവില്ല, നിങ്ങൾ രാമനാഥനെ വിളിച്ചോളൂ” എന്ന് അച്യുതമേനോൻ പറഞ്ഞപ്പോൾ ആരാണീ രാമനാഥൻ എന്ന് മനസിലായിരുന്നില്ല. പിന്നീടാണ് രാമനാഥൻ മാസ്റ്ററെ പരിചയപ്പെട്ടതും ആ ബന്ധം വളർന്നതും. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നു എന്നതും സന്തോഷത്തിന് വകനൽകിയിരുന്നു. താൻ സിപിഐയുടെ കൂടെയാണെന്ന് പല സന്ദർഭങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി ഞങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ഉറയ്ക്കുകയായിരുന്നു. പിന്നീട്, ഞങ്ങൾ കുടുംബസുഹൃത്തുക്കളുമായി. ഇരിങ്ങാലക്കുടയിൽ പാലസ് റോഡിലുള്ള പൗർണമിയിൽ കുടുംബസമേതം പലപ്പോഴും ചേക്കേറിയിട്ടുണ്ട്. മാസ്റ്ററുടെ പ്രിയപത്നി കെ കെ രാധടീച്ചറും മക്കളായ രേണുവും ഇന്ദുകലയുമൊക്കെ മാസ്റ്ററെപ്പോലെതന്നെ എല്ലാവർക്കും പ്രിയങ്കരരാണ്. രാമനാഥൻ മാസ്റ്ററുടെ നിഷ്കളങ്കമായ മുഖം എപ്പോഴും മനസിൽ തിളങ്ങി നിൽക്കുന്നു. നിഷ്കാമ കർമി, നിസ്വാർത്ഥൻ തുടങ്ങിയ എന്തൊക്കെ വാക്കുകളിലൂടെയാണ് മാസ്റ്ററെ വിശേഷിപ്പിക്കുന്നതെന്നറിയില്ല. ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം.

Exit mobile version