വിൽക്കണോ കാണവുമോണമുണ്ണാൻ
വിറ്റുതന്നെ നമ്മൾക്കോണമുണ്ണാം
കാലം പഠിപ്പിച്ച ചൊല്ലിതാണെങ്കിലും
വിൽക്കുവാനില്ലാത്തോർക്കോണമുണ്ടോ?
ഉണ്ണിപിറന്നോട്ടെ ഓണവും വന്നോട്ടെ
കോരന്നു കുമ്പിളിലാണു കഞ്ഞി
ഓട്ടവീണുള്ളൊരാ കുമ്പിളും ചൊല്ലുന്നു
കഞ്ഞിയല്ലായിതു കഞ്ഞിവെള്ളം
ഉത്രാടച്ചന്ദ്രിക വാനിലുദിച്ചാലു-
ദിക്കണം പോന്നോണം മാനസത്തിൽ
ജീവിതതീഷ്ണത കൊട്ടിയടച്ചോരാ
മനതാരിൽ പോന്നോണമെന്നുദിക്കും
“മാവേലി നാടുവാണീടുംകാലം
മനുഷരെല്ലാരുമൊന്നുപോലെ”
പാടുവാൻ ഹൃദ്യമാണെങ്കിലും പാട്ടിന്റെ
പൊരുളുകളെന്നെന്നും പൊരുളുമാത്രം
പൂക്കളമില്ലാതെ പൂവിളിയില്ലാതെ
പൂപ്പൊലിപ്പാട്ടിന്റെ താളവുമില്ലാതെ
ഉദരത്തിൽ കൊട്ടുന്ന താളത്തിൽ പാടട്ടെ
പശിയടങ്ങാതുള്ളോരോണപ്പാട്ട്
വർണങ്ങളില്ലാത്ത തുമ്പതൻ മലരിനെ
മൂർധാവിലേറ്റിയ തമ്പുരാനെ
ചേർത്തുപിടിക്കുമോ കോരന്റെ മക്കളെ
പുഞ്ചിരി പൂക്കട്ടെയവരുടെ ചുണ്ടിലും