Site iconSite icon Janayugom Online

കാരുണ്യ ചിക്കൻ സെന്റർ

കമ്പിക്കൂടുകൾക്കുള്ളിൽ ഒന്നിച്ച് കൂട്ടിയിടപ്പെട്ട
വെള്ളനിറത്തിലുള്ള
തലയിൽ ചുവന്ന പൂക്കളുള്ള കോഴികൾ
കാരുണ്യ ചിക്കൻ സെന്ററിലെ ഇറച്ചിക്കോഴികൾ
പുറത്തേക്ക് നോക്കി
കൊക്കുകൾ പിളർന്ന്
ചെറിയ ശബ്ദങ്ങൾ പുറപ്പെടുവിച്ച് കൊണ്ടിരിക്കുന്ന
കോഴികളുടെ കമ്പിക്കൂടിനുള്ളിലേക്ക്
അറ്റം കൊക്ക പോലെ വളഞ്ഞ ഒരു കമ്പി
ഇടയ്ക്കിടയ്ക്ക് നീണ്ടു വരും
കാരുണ്യ ചിക്കൻ സെന്ററിലെ
കാരുണ്യവാനായ ഉടമയുടെ വകയായിരിക്കും അത്
ആർക്കാണ് നറുക്ക് വീഴുന്നതെന്നറിയില്ല
ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഒരാളെ
കമ്പിയുടെ കൊളുത്ത് കൊണ്ട് വലിച്ച് പുറത്തെടുക്കുന്നു
പൊട്ടിക്കരഞ്ഞ് കൊണ്ട്
കമ്പിക്കൊപ്പം പുറത്തെത്തുന്ന അവന്റെ
ചിറകുകൾ രണ്ടും കുട്ടിപ്പിടിച്ചെടുത്ത്
അത്യന്തം കരുണയോടെ
മൂർച്ചയുള്ള കത്തികൊണ്ട് കഴുത്തറുക്കുന്നു
ആവശ്യക്കാരുടെ ജാതി നോക്കി
ബിസ്മി ചൊല്ലിയും ചൊല്ലാതെയും
ഈ കർമ്മം നിർവഹിക്കുന്നു
കമ്പിക്കൂട്ടിലെ ശേഷിക്കുന്ന കോഴികൾ
കൂട്ടുകാരന് സംഭവിച്ചതെന്തെന്നറിയാതെ
പകച്ച് നോക്കുന്നു
കാരുണ്യവാനായ ഉടമ
അറുത്ത് കഴിഞ്ഞ കോഴിയെ
സ്വർഗത്തിലേക്കുള്ള കവാടമായ
വലിയ ബക്കറ്റിൽ നിക്ഷേപിച്ച്
ഭദ്രമായി മൂടുന്നു
പിന്നെ,
ബക്കറ്റിൽ കിടന്ന് പിടയ്ക്കാൻ തുടങ്ങുന്നു
ഒന്ന്, രണ്ട്, മൂന്ന്, നാല്…
മരണ താളത്തിന്റെ വേഗത കൂടിക്കൂടി വരുന്നു
താളം മുറുകി മുറുകി
അവസാനം നിശ്ചലമാകുന്നു
കാരുണ്യവാൻ
മൂടി തുറന്ന്
അത്യധികം കരുണയോടെ
അതിനെ എടുത്ത്
തല മുറിച്ചെടുത്ത്
തോല് വലിച്ച്
ആവശ്യക്കാരുടെ ഇംഗിതത്തിനനുസരിച്ച്
ബിരിയാണി പീസുകളോ, ഫ്രൈ പീസുകളോ,
കറി പീസുകളോ, ചില്ലിചിക്കൻ പീസുകളോ ആയി മുറിച്ച്
പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞു കൊടുക്കുന്നു
പകച്ച് നോക്കിക്കൊണ്ടിരിക്കുന്ന
അവശേഷിക്കുന്ന കോഴികൾക്കിടയിലേക്ക്
പരമകാരുണിനും സ്നേഹ സ്വരൂപനുമായ
കൂടുകളിലെ സകലമാന കോഴികളുടെയും പരിപാലകനും
സ്വർഗ ദാതാവുമായ ഉടമയുടെ,
അങ്കുശം പോലെ അഗ്രം വളഞ്ഞ കമ്പികൾ
ഇടയ്ക്കിടയ്ക്ക് നീണ്ട് വരും
ഇത്
കാരുണ്യ ചിക്കൻ സെന്റർ
പരമ കാരുണികനും സ്നേഹ സ്വരൂപനുമായ
ആയുസിന്റെ കണക്ക് സൂക്ഷിപ്പുകാരനായ
അധിപന്റെ
സ്വന്തം പ്രപഞ്ചം

Exit mobile version