Site iconSite icon Janayugom Online

കാഴ്ച

നിന്റെ സമുദ്രം നിറഞ്ഞു
തൂവാതിരിക്കാൻ
ഞാനെന്റെ പുഴയെ
മുറുക്കിയടച്ചു
പച്ചമണം വല്ലാതെ
പൊഴിയുന്നിടത്തു വച്ച്
ഞാനെന്റെ ശാഖകൾ
മുറിച്ചു മാറ്റി
എന്റെ മഴവിൽ ചിറകുകൾ
നിന്റെ ഉയരത്തിലേയ്ക്ക് മാത്രം
പറന്നു നിറഞ്ഞു
നക്ഷത്ര വിരിപ്പിൽ നിന്റെ
വിരൽതുമ്പു മാത്രം തൊട്ടുവച്ചു
കടൽ കരയെ കൂടെ ചേർക്കും പോലെ
ഞാൻ നിന്നെ ചേർത്തുപിടിച്ചു
ഈ ഭൂമിയിലെ നിറങ്ങളെല്ലാം
നിന്നോട് ചേർത്തു
നിന്റെ മാത്രം ലോകത്തിലേയ്ക്ക്
ഞാനെന്നെ വരച്ചു ചേർത്തു
കോർത്തു നിറച്ച പ്രണയ മണികൾ
തൂവാതിരിക്കാൻ തുഞ്ചത്ത്
ഹൃദയത്തെ കൊളുത്തി വിട്ടു
ഭൂമിയുടെ അറ്റംവരെയും
ഒരുമിച്ചു നടക്കാൻ
വഴിയെല്ലാം വെളിച്ചം നിറച്ചു
പുതുമണം പൊഴിക്കാൻ
വാക്കുകളിൽ പൂക്കൾ വിരിച്ചു
നനുത്ത മണമുള്ള പുതിയ
ഉടുപ്പുകൾ തുന്നിവച്ചു
ഞാൻ നിന്നെ തിരയുമ്പോൾ
ഓർമ്മപെരുത്ത മഞ്ഞ
പൂക്കൾ വല്ലാതെ
പൊഴിയുന്നു

Exit mobile version