Site icon Janayugom Online

കാബൂൾ സ്ഫോടനം; മരണം 103 ആയി

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കന്‍ പട്ടാളക്കാരും 90 അഫ്ഗാന്‍ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരും ഉള്‍പ്പെടുന്നുണ്ട്. ഹാമിദ് കര്‍സായി വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിലുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് ജീവഹാനിയുണ്ടായത്. അറുപതിലേറെ പേർക്ക് പരിക്കേറ്റു. നിരവധി താലിബാൻ പ്രവർത്തകർക്കും പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നിലുണ്ടായ സ്ഫോടനത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

12 യുഎസ് നാവികസേനാംഗങ്ങളും ഒരു സൈനിക ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് നാവികസേനാ വക്താവ് മേജര്‍ ജിം സ്റ്റെന്‍ജര്‍ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ പ്രവിശ്യ (ഐഎസ്‌കെപി) എന്നറിയപ്പെടുന്ന ഭീകര സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. തങ്ങളുടെ അംഗമായ അബ്ദുല്‍ റഹ്മാന്‍ അല്‍-ലോഗാരിയാണ് സ്‌ഫോടനം നടത്തിയതെന്നും ഐഎസ് ബന്ധമുള്ള അമാഖ് വാര്‍ത്താ ഏജന്‍സി ടെലിഗ്രാം ചാനലില്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്നുള്ള രക്ഷാദൗത്യം വേഗത്തിലാക്കിയിട്ടുണ്ട്.

ENGLISH SUMMARY:Kabul blast; The death toll was 103

You may also like this video

Exit mobile version