Site iconSite icon Janayugom Online

കാബൂളില്‍ ചാവേര്‍ സ്ഫോടനം: താലിബാന്‍ അഭയാര്‍ത്ഥികാര്യമന്ത്രി കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രി കൊല്ലപ്പെട്ടു. അഭയാര്‍ഥി കാര്യ മന്ത്രി ഖലീല്‍ റഹ്മാന്‍ ഹഖാനി ആണ് കൊല്ലപ്പെട്ടത്. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സ്‌ഫോടനത്തില്‍ ഹഖാനിയുടെ ഏതാനും സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഹഖാനി ശൃംഖലയുടെ സ്ഥാപകാംഗമായ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനാണ് ഖലീല്‍ റഹ്മാന്‍. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ അടുത്ത ബന്ധു കൂടിയാണിദ്ദേഹം.2021ലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തത്. യു എസ്-നാറ്റോ സേന അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് സംശയിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി.

Exit mobile version