Site iconSite icon Janayugom Online

പ്രേക്ഷകരെ വിറപ്പിച്ചും ത്രസിപ്പിച്ചും പ്രിഥ്വിയുടെ കടുവ: റിവ്യൂ

KaduvaKaduva

പ്രിഥ്വിരാജിന്റെ ഈയടുത്ത് ഇറങ്ങിയ ഏറ്റവും മികച്ച മാസ് എന്റര്‍ടെയ്ന്ര്‍ തന്നെയാണ് കടുവ. രണ്ടര മണിക്കൂർ നേരം തീയേറ്ററിലെ മാസ് ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാൻ പ്രേക്ഷകർക്കാവും എന്നത് തീർച്ച. വലിയ ഇടവേളയ്ക്കു ശേഷം തന്റെ ശൈലിയിൽ മെഗാ മാസ്സ് ആക്ഷൻ ചിത്രമൊരുക്കികൊണ്ട് ഷാജി കൈലാസ് ചലച്ചിത്ര മേഖലയിലേക്ക് കടുവയുമായി വലിയ തിരിച്ചുവരാണ് നടത്തിയിരിക്കുന്നത്. പഞ്ച് ഡയലോഗുകൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും മാസ് സംഘട്ടന രംഗങ്ങൾ കൊണ്ടും കടുവാകുന്നേൽ കുര്യാച്ചൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. സിംഹാസനം എന്ന ചിത്രമാണ് പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ അവസാനമായി ഇറങ്ങിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ പാലയിൽ തൊണ്ണൂറുകളിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കുര്യാച്ചൻ കേസിലകപ്പെട്ട് ജയിലിലാകുന്നതും അതുബന്ധപ്പെട്ട് തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്. പ്രമാണിയും പ്ലാന്റേഷൻ, ബാർ ബിസിനസ്സും ഒക്കെയായി കുര്യാച്ചന്റെ കുടുംബം ഭാര്യയും മൂന്നു മക്കളുമാണ്. നായിക വേഷത്തിൽ സംയുക്ത മേനോൻ ശ്രദ്ധ നേടിയെങ്കിലും ചിത്രത്തിൽ നായികക്ക് രംഗങ്ങൾ കുറവായിരുന്നു. ലൂസിഫറിന് ശേഷം ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രമായി വിവേക് ഒബ്രോയ് കൂടി ചിത്രത്തിലെത്തുമ്പോൾ പ്രേക്ഷകരെ ഒരോ രംഗങ്ങളും ആവേശത്തിലാഴ്ത്തും. പ്രതിനായകനായി ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ ചിത്രത്തിൽ വേറിട്ട് നിർത്തുന്നു. സംഘട്ടന രംഗങ്ങൾക്കായി മാഫിയ ശശി, കനൽ കണ്ണൻ ടീം കോമ്പോ വിജയിച്ചു. ചിത്രത്തിൽ അത്രത്തോളം ഗംഭീരമായി സംഘട്ടനരംഗങ്ങൾ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജേക്സ് ബിജോയിയുടെ സംഗീത സംവിധാനം എടുത്ത് പറയേണ്ടതാണ്.

പശ്ചാത്തല സംഗീതം അത്രമാത്രം ചിത്രത്തെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നുണ്ട്. രണ്ട് പേർ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ തുടർന്ന് നായകനും പ്രതിനായകനും കൈകാര്യം ചെയ്യുന്നു രീതികളുമാണ് ചിത്രത്തിൽ എങ്ങും. രണ്ടാം പകുതി മുതൽ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. സീമ, കലാഭവൻ ഷാജോൺ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, അലൻസിയർ, ബൈജു, പ്രിയങ്ക നായർ, വൃദ്ധി വിശാൽ, ജൈസ് ജോസ്, സുരേഷ് കൃഷ്ണ, ഇന്നസെന്റ്, ജോയ് മാത്യു, ശിവജി ഗുരുവായൂർ, അനീഷ് ജി മേനോന്‍, സാജു നവോദയ എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. 90 കളിലെ രംഗങ്ങൾ മികച്ചാതക്കാൻ ഛായഗ്രഹകനും, കലാ സംവിധായകനും കഴിഞ്ഞു. ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു തന്നെ പറയാം. അടിയും തിരിച്ചടിയുമായി ഒരു മാസ് അനുഭവം തന്നെ ചലച്ചിത്ര പ്രേമികൾക്കും ആരാധകർക്കും കടുവ സമ്മാനിക്കും.

Eng­lish Sum­ma­ry: Kadu­va Movie Review

You may like this video also

Exit mobile version