എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായിരുന്ന കൈലാസ് ഗെലോട്ടിന്റെ രാജിയിലേക്ക് നയിച്ചത് സ്വാതന്ത്രദിനത്തിലെ പതാകായുയര്‍ത്തലുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റിനെത്തുടര്‍ന്ന് തിഹാര്‍ ജയിലായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാവായ തന്നെ ഒഴിവാക്കി നിലവിലെ മുഖ്യമന്ത്രി അതിഷിയെ പതാകയുയര്‍ത്താന്‍ ചുമതലപ്പെടുത്തിയതാണ് ഗെലോട്ടിന്റെ അതൃപ്തിക്ക് കാരണമെന്നാണ് വിവരങ്ങള്‍.
വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അതിഷിക്കെതിരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന കരുക്കള്‍ നീക്കിയതും ഇത്തരുണത്തില്‍ ശ്രദ്ധേയമായിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കൈലാസ് ഗെലോട്ട് പതാക ഉയര്‍ത്തിയാല്‍ മതിയെന്നായിരുന്നു വി കെ സക്സേന നിര്‍ദേശിച്ചത്. എന്നാല്‍ വിഷയത്തില്‍ കെജ്‌രിവാള്‍ നിലപാട് കടുപ്പിച്ചതോടെ ഗെലോട്ടിന്റെ മോഹം പൊലിഞ്ഞു.
വിഷയത്തില്‍ വി കെ സക്സേന നടത്തിയ ഇടപെടല്‍ അന്ന് എഎപി നേതാക്കളും ഗവര്‍ണറും തമ്മിലുള്ള പോരിന് ആക്കം വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അതിഷി പതാകയുയര്‍ത്തിയതോടെയാണ് മനസില്‍ പക സുക്ഷിക്കാന്‍ കൈലാസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൈലാസ് കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് അതിഷിക്ക് നല്‍കിയതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു. വകുപ്പില്‍ നിരവധി ഫയലുകള്‍ കെട്ടികിടക്കുന്നതായ ആരോപണത്തിന് പിന്നാലെയായിരുന്നു വകുപ്പ് മാറ്റം. പതാക ഉയര്‍ത്തലും വകുപ്പ് മാറ്റവുമാണ് കൈലാസിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.
അതിഷി മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം തന്നെ അവഗണിക്കുന്നതായും അദ്ദേഹം വിശ്വസ്തരോട് പ്രതികരിച്ചിരുന്നു. ബിജെപിയുടെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വി കെ സക്സേനയും കൈലാസും തമ്മിലുള്ള അടുപ്പവും രാജിയിലേക്ക് നയിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തിയ നീക്കങ്ങളില്‍ മൗനം പാലിച്ച കൈലാസ് ഗെലോട്ട് ഗവര്‍ണറെ വിമര്‍ശിക്കാന്‍ പലപ്പോഴും രംഗത്ത് വന്നിരുന്നില്ല. രാജിക്കത്തില്‍ ഇക്കാര്യമെന്നും പരാമര്‍ശിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
വിഷമകരമായ സാഹചര്യത്തിലൂടെ കടന്ന് പോകുകയാണെന്ന് മറ്റും അദ്ദേഹം രാജിക്കത്തില്‍ വിവരിക്കുന്നു. പാര്‍ട്ടികുളളില്‍ നിന്ന് എഎപിക്ക് കനത്ത വെല്ലുവിളി നേരിടുന്നതായും അദ്ദേഹം പറയുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ബിജെപി വാഗ്ദാനത്തില്‍ കുടുങ്ങിയാണ് കൈലാസ് പാര്‍ട്ടി വിട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും അഭ്യുഹമുണ്ട്.